1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2016

ഷിനു മാണി.

ഇന്ഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ഷിങ്ങ്ഹാം ദൈവാലയത്തില്‍ പത്താമത് സീറോ മലബാര്‍ തിരുനാള്‍ നാളെ ആഘോഷപൂര്‍വ്വം കൊണ്ടാടും.

മരിയഭക്തിയും വിശ്വാസവും പാരമ്പര്യവും ഒന്നുപോലെ കൂടിച്ചേരുന്ന വാല്‍ഷിങ്ങ്ഹാം തിരുനാളിനോടനുബന്ധിച്ചു മുന്‍പെങ്ങുമില്ലാത്ത വിധം അതിവിപുലമായ ഒരുക്കങ്ങളാണ് ഇത്തവണത്തെ തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റി ഒരുക്കിയിരിക്കുന്നത്.ഫരീദാബാദ് രൂപത ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണ് ഇക്കുറി വല്‍ഷിഹാം തീര്ത്ഥാടന കര്‍മ്മങ്ങള്‍ നയിക്കുന്നത്.

ഓരോ വര്‍ഷവും വര്ദ്ധിച്ചു വരുന്ന ഭക്ത ജനപ്രവാഹവും പങ്കെടുക്കുന്ന വിശ്വാസികളെ ആനന്ദത്തിലാറാടിക്കുന്ന ആഘോഷ രീതിയിലുള്ള പുതുമകളും കൊണ്ട് യു കെ യിലെ എന്നതിലുപരി യുറോപ്പിലെ തന്നെ എണ്ണം പറയുന്ന തീര്‍ഥാടന മഹാമഹങ്ങളില്‍ ഒന്നായി വല്‍ഷിങ്ങാം തിരുനാള്‍ മാറിയിരിക്കുന്നു.

 

നാളെ രാവിലെ 8.30 ന് കൊടിയേറ്റത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. 9 മണി മുതല്‍ 12 വരെ സ്ലിപ്പര്‍ ചാപ്പലില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റ്‌റെ യു കെ യിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ധ്യാന പ്രഭാഷണത്തിനു ശേഷം കന്യകാമാതാവിനോടുള്ള ഭക്തിയും ആരാധനയും വഴിഞ്ഞൊഴുകുന്ന പ്രദക്ഷിണവും തിരുനാള്‍ റാസയും മറ്റു തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും. 12 മുതല്‍ 1.30 വരെ ഉച്ച ഭക്ഷണം, 1.30 മുതല്‍ 3 മണി വരെ സ്ലിപ്പര്‍ ചാപ്പല്‍ പ്രദക്ഷിണം, 3 മണിക്ക് പെരുന്നാള്‍ കുര്‍ബാന എന്നിങ്ങനെയാണ് ചടങ്ങുകള്‍. ആഘോഷപൂര്‍വമായ വിശുദ്ധകുര്‍ബാനക്ക് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര,ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ കാനോനിക പദവിയിലേക്കുയര്‍ത്തപ്പെട്ട ഫാ.മാത്യു വണ്ടാലക്കുന്നേല്‍,സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ടെറിന്‍ മുല്ലക്കര എന്നിവര്‍ക്കൊപ്പം യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വൈദികരും സഹകാര്‍മ്മികരാകും.

തിരുനാളിനെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാന്‍ ജെയ്‌സണ്‍ പന്തപ്ലാക്കല്‍ നേത്രുത്വം നല്‍കുന്ന ട്രാഫിക് കണ്ട്രോള്‍ ആന്‍ഡ് ഗയിഡന്‍സ് സ്‌ക്വാഡ് ,ഡോ. ദിവ്യ നെല്‍സന്‍ മേല്‍നോട്ടം വഹിക്കുന്ന പ്രത്യേകം സുസജ്ജമായ മെഡിക്കല്‍ ആന്‍ഡ് എമര്‍ജന്‍സി ടീം എന്നിവക്ക് പുറമേ നാല്‍പ്പതോളം വോളണ്ടിയര്‍മാരുടെ പ്രത്യേക സേവനവും രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണിവരെ തിരുനാള്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.കൂടാതെ മിതമായ നിരക്കില്‍ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വല്‍ഷിങ്ങാം പള്ളി അധികൃതരുടെ കീഴിലുള്ളതും തിരുനാള്‍ കമ്മറ്റി യുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുള്ളതും ആയ വ്യാപാര കര്‍മ്മങ്ങള്‍ മാത്രമേ പള്ളിപ്പരിസരത്ത് തിരുനാള്‍ ദിവസം പാടുള്ളൂ എന്ന് തിരുനാള്‍ കമ്മറ്റി കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വാഹനങ്ങളില്‍ എത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യം പള്ളിപ്പരിസരത്ത് തന്നെ ഇക്കുറി ഒരുക്കിയിട്ടുണ്ട്.മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രദിക്ഷണം ആരംഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്തു വാഹനങ്ങള്‍ പാര്‍ക്ക് ചെയുന്നത് ഇത്തവണ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഫാ. ടെറിന്‍ മുല്ലക്കര: 07985695056,
ഡോ. നെല്‍സണ്‍ ഡേവിഡ് (പെരുന്നാള്‍ കമ്മിറ്റി ചെയര്‍മാന്‍): 07519144288

 

തീര്‍ഥാടന കേന്ദ്രത്തിന്റെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്തിന്റെയും വിലാസം,

Slipper Chapel,
Houghton St. Giles,
Walsingham,
Norfolk,
NR22 6AL

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.