1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2015


അപ്പച്ചന്‍ കണ്ണന്‍ചിറ

വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ‘നസ്രത്തിലെക്കുള്ള’ തീര്‍ത്ഥാടനത്തിലൂടെ മുഴുവന്‍ മാതൃ ഭക്തരും മരിയന്‍ പ്രഘോഷണ ദിനമായി ഒത്തുകൂടുന്ന ആഘോഷം നാളെ. മാതൃ ഭക്ത പങ്കാളിത്തം കൊണ്ടും,സംഘാടക മികവു കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, അജപാലന ശ്രേഷ്ട പങ്കാളിത്തം കൊണ്ടും പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രത്തില്‍ ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ ഹണ്ടിംങ്ടന്‍ സെന്റ് അല്‍ഫോന്‍സാ കുടുംബ കൂട്ടായ്മ്മ ഏറ്റെടുത്ത് നടത്തുന്ന ഒമ്പതാമത് വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം പുതിയ ആത്മീയ ചരിത്രം കുറിക്കും.

ഈസ്റ്റ് ആന്ഗ്ലിയായിലെ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍, ഫാ.ടെറിന്‍ മുള്ളക്കര,ഫാ.ഫിലിഫ് പന്തംമാക്കല്‍ എന്നിവരുടെ ആത്മീയ ഗൈഡന്‍സില്‍ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി സെന്റ് അല്‍ഫോന്‍സാ കുടുംബ കൂട്ടായ്മ്മ നടത്തി വന്നിരുന്ന ഒരുക്കങ്ങള്‍പൂര്ത്തിയായി.സമീപ പ്രദേശമായ പാപുവര്‍ത്ത് കാത്തലിക്ക് കമ്മ്യുനിട്ടിയും സഹായ ഹസ്തമായി അവരോടൊപ്പം കൈകോര്‍ക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും, വാല്‍ത്സിങ്ങാം പുണ്യ ചരിതവും, പ്രാര്‍ത്ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞു. കുട്ടികളെ അടിമ വെക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

തീര്‍ത്ഥാടനത്തില്‍ മുഖ്യ കാര്‍മ്മികരായി എത്തിച്ചേരുന്ന സിബിസിഐ വൈസ് പ്രസിഡണ്ടും,തൃശ്ശൂര് അതിരൂപതയുടെ അദ്ധ്യക്ഷനുമായ അഭിവന്ദ്യ ആന്‍ഡ്രൂസ് താഴത്ത് പിതാവ്, മുഖ്യാതിതിയായെത്തുന്ന തക്കല രൂപതാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ്,ആതിഥേയ രൂപതയായ ഈസ്റ്റ് ആംഗ്ലിയായുടെ അദ്ധ്യക്ഷനും, യു കെ യില്‍ മൈഗ്രന്റ്‌സിന്റെ ചുമതലയുമുള്ള ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടങ്ങിയ ശ്രേഷ്ട മെത്രാന്മാര്‍ ഈ മരിയോ ത്സവത്തിനു ആത്മീയ ശോഭ പകരും.

നാളെ ജൂലൈ 19 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമര്‍പ്പിച്ച് ,’ആവേ മരിയാ’ സ്തുതിപ്പുകളുമായി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ നടത്തുന്ന തീര്‍ത്ഥാടനം മരിയ പ്രഘോഷണ സന്നിധേയത്തില്‍ ഭക്തിസാന്ദ്രമാവും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം,കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. സ്വാദിഷ്ടമായ ചൂടുള്ള കേരള ഭക്ഷണത്തിനു കേറ്ററിംഗ് സ്ഥാപനത്തെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതായി ജിജോ ജോര്‍ജ്ജ് അറിയിച്ചു.

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന സമൂഹ ബലിയില്‍ ആന്‍ഡ്രൂസ് പിതാവും, ജോര്‍ജ്ജ് പിതാവും മുഖ്യ കാര്മ്മികത്വം വഹിച്ച് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. തോമസ് പാറയടിയിലച്ചനും മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിതികളെയും തീര്‍ത്ഥാടകരെയും സ്വാഗതം ചെയ്യുന്നതോടെ തിരുന്നാള്‍ ദിവ്യബലി ആരംഭിക്കും.

വന്‍ ജനാവലി പങ്കു ചേരുമെന്നു വിശ്വസിക്കുന്ന ഈ തീര്‍ത്ഥാടനത്തിനു എത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങളും,വോളണ്ടിയേഴ്‌സ് നല്കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് സംഘാടക സമിതി പ്രത്യേകം അഭ്യര്‍ത്തിച്ചു.

തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ കൊമ്പൌണ്ടിലും,തൊട്ടടുത്ത സ്ഥലങ്ങളിലുമായി സൗജന്യമായ സൌകര്യങ്ങള്‍ ഉണ്ടായിരിക്കും.കോച്ചുകളിലും, വാഹനങ്ങളിലും എത്തുന്നവര്‍ തീര്‍ത്ഥാടനം ആരംഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിലെ അനൗന്‍സിയെഷന്‍ ചാപ്പലിനു സമീപം ഉള്ള ലിറ്റില്‍ വാല്‍സിങ്ങാമിലെ കോച്ച് പാര്‍ക്കിലോ,കാര് പാര്‍ക്കിലോ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരിച്ചു കൊണ്ട് പോയി സ്ലിപ്പര്‍ ചാപ്പല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.അനൗന്‍സിയെഷന്‍ ചാപ്പലിലേക്ക് ഉള്ള വാഹന ഗതാഗതം11:30 ഓടെ നിരോധിക്കുന്നതാണ്.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും,ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏറ്റവും അനുഗ്രഹീത മരിയന്‍ പുണ്യ കേന്ദ്രത്തിലെ തീര്‍ത്താടനത്തിലേക്ക് ആതിതേയരായ ഹണ്ടിംങ്ടന്‍ കമ്മ്യുനിട്ടി ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223
ജീജോ ജോര്‍ജ് 07869126064

ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എന്‍ആര്‍22 6 ഡിബി)
സ്ലിപ്പര്‍ ചാപ്പല്‍ (എന്‍ആര്‍22 6 എഎല്‍)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.