ജോൺസൺ ജോസഫ് ലണ്ടൻ : മരിയൻ തീർത്ഥാടന കേന്ദ്രമായ വാൽസിംഹാമിലേക്കു സിറോ മലങ്കര കത്തോലിക്കാ സഭയുടെ യു കെ റീജിയന്റെ ആഭിമുഖ്യത്തിലുള്ള തീർത്ഥാടനം നാളെ ക്രമീകരിച്ചിരിക്കുന്നു. മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വൈദീകരുടെയും അൽമായ പ്രതിനിധികളുടെയും ചെറിയ സംഘം മാത്രമാണ് തീർത്ഥാടനത്തിൽ പങ്കാളികളാക്കുന്നത്. വി. കുർബാനയുടെയും മറ്റു പ്രാർത്ഥനാ ശുശ്രൂഷകളുടെയും തത്സമയ സംപ്രേക്ഷണം വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാകും.
യു കെ യിലെ പതിനെട്ടു മിഷൻ കേന്ദ്രങ്ങളെയും പ്രത്യേകമായി മാതാവിന്റെ വിമല ഹൃദയത്തിലേക്ക് സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥനയോടെയാണ് തീർത്ഥാടന ശുശ്രൂഷകൾക്ക് ആരംഭം കുറിക്കുക. ഉച്ചകഴിഞ്ഞു 3.30 നാണ് ആഘോഷമായ വി. കുർബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള മാധ്യസ്ഥ പ്രാർത്ഥനയും ക്രമീകരിച്ചിരിക്കുന്നത്. യു കെ യുടെ മലങ്കര സഭാ കോർഡിനേറ്റർ ഫാ. തോമസ് മടക്കംമൂട്ടിലും മറ്റു മലങ്കര സഭാ വൈദീകരും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും.
ഇതൊടാനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ നവതി ആഘോഷവും ക്രമീകരിച്ചിരിക്കുന്നു. തൊണ്ണൂറ് വർഷങ്ങൾ സഭയെ പരിപാലിച്ച കരുണമായനായ ദൈവതിരുമുൻപാകെ നന്ദി പറയാനുള്ള അവസരമായും മരിയൻ തീർത്ഥാടനം മാറും. വൈദികരും, മലങ്കര കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. ജിജി ജേക്കബിന്റെ നേതൃത്വത്തിലുള്ള കൗൺസിൽ അംഗങ്ങളും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
Live streaming : www.walsingham.uk/live stream
Walsingham Blog
Youtube.com/malankarauk
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല