വാല്‍സിങ്ങാം യുകെയിലെ ലൂര്‍ദ് എന്നറിയപ്പെടുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിങ്ങാമില്‍, സീറോ മലബാര്‍ സഭയുടെ ആറാമത് തീര്‍ത്ഥാടനം ഭക്തി സാന്ദ്രമായി നടത്തപ്പെടുന്നു. മരിയ ഭക്തരായ ആയിരങ്ങള്‍ പങ്കെടുക്കാറുള്ള തീര്‍ത്ഥാടനത്തില്‍ ഈ വര്‍ഷം ഏഴായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി മുഖ്യചുമതല വഹിക്കുന്ന ഫാ മാത്യു ജോര്‍ജ്ജ് വണ്ടാളക്കുന്നേല്‍ അറിയിച്ചു. ഈസ്റ്റ് ആംഗ്ലിയയിലെ സീറോ മലബാര്‍ ചാപ്ലിനും, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിന്റെ തുടക്കം കുറിച്ച 2007 മുതല്‍ എല്ലാ വര്‍ഷവും, അതിന്റെ നായകത്വം വളരെ ഭംഗിയായി ചിട്ടയോടെ ഏറ്റെടുത്തു നടത്തി പോരുന്നയാളുമായ ഫാ മാത്യു ജോര്‍ജ്ജ് വണ്ടാള ക്കുന്നേല്‍ ആണ് മലയാളി മരിയ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായി ഇതിനെ മാറ്റിയത്.
ജീവ കാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവ പങ്കാളിയും, ഈസ്റ്റ് ആന്ഗ്ലിയായുടെ ആല്മ്മീയ ഗുരുവും ആയ ഫാ മാത്യു ജോര്‍ജ്ജ് വണ്ടാളക്കുന്നേല്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനം കൂടുതല്‍ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്. മാതാവ് ദര്‍ശനം നല്‍കിയ വാല്‍സിങ്ങാമിലെ പുണ്യ കേന്ദ്രത്തിലേക്ക് എല്ലാ മരിയ ഭക്തരും തങ്ങളുടെ പാദരക്ഷകള്‍ സ്ലിപ്പര്‍ ചാപ്പലില്‍ അഴിച്ചു വെച്ച ശേഷം നഗ്ന പാദരായിട്ട് പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ആയിരുന്നു മുന്‍കാലത്ത്പോയിരുന്നത്.
ഹെന്റി എട്ടാമന്‍ രാജാവ് പോലും റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് വരെ തന്റെ മാതൃ ഭക്തിയില്‍ പാദരക്ഷകള്‍ ഉപയോഗിക്കാതെ പല തവണ നടന്ന വഴിയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ത്ഥാടനവും നീങ്ങുക. ഇന്ന് സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഉള്ളത്. പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ ഓരോ വര്‍ഷവും ലഭിക്കാറുള്ള യു കെ യിലെ ഏറ്റവും വലിയ അഭയവും ആശ്രയവും കിട്ടുന്ന കേന്ദ്രമായാണ് വാല്‍സിങ്ങാമിനെ മലയാളി മാതൃ ഭക്തര്‍ കണക്കാക്കുന്നത്.
ഉച്ചക്ക് 12:00 മണിക്ക് വാല്ശിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ നിന്നും വാല്ശിങ്ങാമിലെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള തീര്‍ത്ഥാടനം ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് മരിയ ഭക്തര്‍ വാല്ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്നു നീങ്ങും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം തീര്‍ത്ഥാടന സന്ദേശം, അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും നടത്തപ്പെടുക. ഉച്ച കഴിഞ്ഞു ആഗോഷമായ തിരുന്നാള്‍ സമൂഹ ബലി നടത്തപ്പെടും. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍ പങ്കു ചേരും. കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം നല്‍കപ്പെടും. സമാപനത്തോടനുബന്ധിച്ചു അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.മാത്യു ജോര്‍ജ്ജ്-07939920844
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല