അപ്പച്ചന് കണ്ണന്‍ചിറ
വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍ത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നായി ആയിരങ്ങള്‍ ഒഴുകിയെത്തും. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഒരുക്കങ്ങളും ആയി ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായും, തീര്ത്താടകരായ പതിനായിരത്തിലധികം മരിയ ഭക്തര്‍ക്ക് അനുഭവവേദ്യമാകുവാനും,സൗകര്യ പ്രദമായ ആത്മീയ സന്നിധേയം ഒരുക്കുവാനുമായി ഈ വര്‍ഷത്തെ പ്രസുദേന്ധിമാരായ ഹണ്ടിംങ്ഡന് സീറോ മലബാര്‍ കമ്മ്യുനിട്ടിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചെയ്തുവന്ന ഒരുക്കങ്ങള്‍, തീര്‍ത്ഥാടനത്തിന്റെ ആരംഭകനും, ഈസ്റ്റ് ആന്ഗ്ലിയായിലെ ചാപ്ലിനുമായ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍, ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിന്മാരായ ഫാ.ഫിലിപ്പ്പന്തമാക്കല് ,ഫാ.ടെറിന്‍ മുള്ളക്കര എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം വിജകരമായി പൂര്‍ത്തീകരിച്ചതായി വിലയിരുത്തി.
തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കൂടുതല്‍ വിസ്തൃതവുമായ പാര്‍ക്കിംഗ് സൗകര്യം തയ്യാറായി കഴിഞ്ഞു. മാതൃ ഭക്തര്‍ക്ക് സൌജന്യമായി വിതരണം ചെയ്യുവാനുള്ള മരിയന്‍ ഭക്തി ഗീതങ്ങളും,പ്രാര്‍ത്ഥനകളും,വാല്‍ത്സിങ്ങാം ചരിത്രവും അടങ്ങുന്ന പുസ്തകങ്ങള്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുണ്ട്. സഫോക്ക് ട്രാഫിക് പോലീസും, സുരക്ഷ ഉദ്യോഗസ്ഥരും കൂടാതെ ഹണ്ടിംങ്ഡന് കമ്മ്യുനിട്ടിയുടെ 50 ഓളം വോളണ്ടിയേഴ്സും തീര്‍ത്ഥാടകരുടെ സൌകര്യാര്‍ഥം അവിടെ ഉണ്ടാവും. തീര്‍ത്ഥാടകര്‍ക്ക് ഉച്ചക്കുള്ള സ്വാദിഷ്ടമായ ചൂടന്‍ കേരള വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുവാനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
തീര്‍ത്ഥാടനത്തില്‍ ആത്മീയ ശോഭ പകരുവാനും, തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കുവാനുമായി എത്തിച്ചേരുന്ന തീര്‍ത്ഥാടന മുഖ്യാതിതിയും,തക്കല രൂപതയുടെ അദ്ധ്യക്ഷനുമായ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്, സീ.ബി.സി.ഐ വൈസ് പ്രസിഡണ്ടും, തൃശ്ശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്,ആതിഥേയ രൂപതയായ ഈസ്റ്റ് ആംഗ്ലിയായുടെ അദ്ധ്യക്ഷനും, യു കെ യില്‍ മൈഗ്രന്റ്സിന്റെ ചുമതലയുമുള്ള ബിഷപ്പ് അലന് ഹോപ്പ്സ്, യു കെ യില്‍ സീറോ മലബാര്‍ സഭയുടെ ആരാദ്ധ്യനായ കോര്‍ഡിനേട്ടര്‍ റവ.ഡോ. തോമസ് പാറയടിയില്‍ അച്ചന്, തുടങ്ങിയവര്‍ക്ക് ആമുഖ വേദിയായ അനൗന്‍സിയെഷന്‍ ചാപ്പലിന്റെ കവാടത്തില്‍ വെച്ചു ഊഷ്മള വരവേല്‍പ്പ് നല്‍കും.
യുറോപ്പിലെ ഏറ്റവും പുരാതന മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലെ, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഒമ്പതാമത് മരിയന്‍ പുണ്യ പ്രഘോഷണ വേദിയില്‍ അനുഗ്രഹങ്ങളുടെ പെരുമഴ വര്‍ഷവും, സാന്ത്വനവും,മാനസ്സിക നിര്‍വ്രുതിയും, സന്തോഷവും ലഭ്യമാവും എന്നാണു മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്നും മാതൃ ഭക്തര്‍ ഉറച്ചു വിശ്വസിക്കുന്നത്. തീക്ഷ്ണ മരിയ ഭയ ഭക്തി നിറവില്‍ അനേകായിരങ്ങള്‍ നഗ്ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതെ പാതയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ത്ഥാടനവും നീങ്ങുക.
ജൂലൈ 19 നു ഞായറാഴ്ച ഉച്ചക്ക് 12:00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍(എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന് ഹോപ്പ്സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട് വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ താഴത്ത് പിതാവും, ജോര്‍ജ്ജ് പിതാവും മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. തോമസ് പാറയടിയില്‍, ഫാ.മാത്യു ജോര്‍ജ്ജ്,ഫാ.ടെറിന്‍, ഫാ.ഫിലിപ്പ്പന്തമാക്കല് കൂടാതെ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി തിരുന്നാള്‍ സമൂഹ ബലിയില്‍ പങ്കു ചേരും.
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ത്ഥാടനത്തിലേക്ക് സസ്നേഹം ക്ഷണിക്കുകയും, മരിയന്‍ അനുഭവം ലഭിക്കട്ടെ എന്ന് ആശംശിക്കുകയും ചെയ്യുന്നതായി ആതിതെയരായ ഹണ്ടിംങ്ഡന് സീറോ മലബാര്‍ കമ്മ്യുനിട്ടിക്കുവേണ്ടി കണ്‍വീനര്‍ ജെനി ജോസ്, ലീഡോ ജോര്‍ജ്ജ്,ജീജോ ജോര്‍ജ്ജ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223
ജീജോ ജോര്‍ജ് 07869126064
അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എന്‍ആര്‍22 6 ഡിബി)
സ്ലിപ്പര്‍ ചാപ്പല്‍ (എന്‍ആര്‍22 6 എഎല്‍)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല