ഒരു 100 വര്‍ഷമൊക്കെ ജീവിക്കുകയെന്നത് എല്ലാവരുടെയും ആഗ്രഹമാണ് അതും രോഗവിമുക്തരായി ഇത്രയും കാലം ജീവിക്കുകയെന്നാല്‍ പറയുകയേ വേണ്ട അതൊരു മഹാഭാഗ്യം തന്നെയാണ്. എന്ന് കരുതി ഇത് എവറസ്റ്റ് കൊടുമുടി കീഴടക്കുകയെന്നൊക്കെ പറയുന്ന പോലെ വലിയ കടമ്പയൊന്നുമല്ലയെന്നാണ് കനേഡിയന്‍ കാര്‍ഡിയോളജിസ്റ്റായ ഡോ:ക്ലൈഡ് യാന്‍സി പറയുന്നത്. ജീവിത ശൈലിയില്‍ വരുത്തുന്ന ചില ലളിത മാറ്റങ്ങള്‍ ഉദാഹരണമായി ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക, പുകവലി ഉപേക്ഷിക്കുക, കോളസ്ട്രോള്‍ ലെവല്‍ പരിശോധിക്കുക തുടങ്ങിയവ നമ്മളെ അതിന് സഹായിക്കുമെന്നാണ് ഡോക്റ്റര്‍ പറയുന്നത്.
ഡോക്ട്ടറുടെ നിര്‍ദേശം അനുസരിച്ച് ജീവിച്ച 90 ശതമാനം ആളുകളും 90 വയസിനു മുകളില്‍ ജീവിച്ചുവെന്ന സാക്ഷ്യപ്പെടുത്തലും അദ്ദേഹം മുന്നോട്ടു വെക്കുന്നുണ്ട്. അതേസമയം ഡോ: ക്ലൈഡ് പറയുന്നപോലെ ജീവിക്കുകയാണെങ്കില്‍ എന്‍എച്ച്എസിന് ബില്യന്‍ കണക്കിന് പോണ്ട് ലാഭിക്കാം എന്നൊരു ഗുണവും ഉണ്ട്, ബ്രിട്ടനിലെ ഏറ്റവും വലിയ മരണകാരിയായ ഹൃദ്രോഗവും പോണ്ണത്തടി മൂലമുണ്ടാകുന്ന മറ്റു രോഗങ്ങളും ഇതുമൂലം ഇല്ലായ്മ ചെയ്യാം. കൂടാതെ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളില്‍ നിന്നും മുക്തി നേടാനും ഇദേഹത്തിന്റെ നിര്‍ദേശങ്ങള്‍ സഹായിക്കും. ഹൃദ്രോഗവുമായി യുകെയില്‍ 2.7 മില്യന്‍ ജനങ്ങളാണ് ജീവിക്കുന്നത്, ഓരോ ദിവസവും ഇതുമൂലം 250 പേര്‍ മരണപ്പെടുകയും ചെയ്യുന്നു.
ഡോക്റ്റര്‍ നിര്‍ദേശിക്കുന്ന ജീവിതശൈലിയില്‍ വരുത്തേണ്ട 7 മാറ്റങ്ങള്‍ ഇവയാണ്
കൂടുതല്‍ സജീവമാകുക
മടി പിടിച്ചു ഒരിടത്ത് ഒതുങ്ങി കൂടി ഇരിക്കുന്നവര്‍ക്കാണ് ഹൃദ്രോഗം അടക്കമുള്ള രോഗങ്ങള്‍ പിടികൂടാന്‍ ഏറ്റവുംകൂടുതല്‍ സാധ്യത. അതുകൊണ്ട് ശരീരത്തെ ഒന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിടുക..
കോളസ്ട്രോള്‍ ലെവല്‍ അറിയുക, നിയന്ത്രിക്കുക
ഉയര്‍ന്ന കോളസ്ട്രോള്‍ ധമനികളില്‍ കൊഴുപ്പടിയാന്‍ കാരണമാകുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നതിനാല്‍ കോളസ്ട്രോള്‍ ലെവല്‍ ആരോഗ്യകരമായി നില നിര്‍ത്തുക.
ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക
ആരോഗ്യകരമായ ഡയറ്റിംഗ് പിന്തുടരുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. എന്തായാലും ആഹാരത്തില്‍ കൂടുതല്‍ പഴം-പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലത്.
രക്തസമ്മര്‍ദ്ദം അറിയുക, നിയന്ത്രിക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്, കാരണം യാതൊരു മുന്നറിയിപ്പുമില്ലാതെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മരണത്തെ വിളിച്ചു വരുത്തും എന്നത് തന്നെ. അതുകൊണ്ട് തന്നെ ബ്ലഡ് പ്രഷര്‍ അറിയുന്നതും നിയന്ത്രിക്കുന്നതും സ്ട്രോക്ക് സാധ്യത 40 ശതമാനവും ഹേര്‍ട്ട് അറ്റാക്ക് 25 ശതമാനവും കുറയ്ക്കും.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
ശരാശരി ബ്രിട്ടീഷ്കാരില്‍ മൂന്നില്‍ രണ്ടുപേരും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്- ഇത് തന്നെയാണ് ഹൃദ്രോഗത്തിനും അറ്റാക്കിനും പ്രധാന കാരണവും. അമിതഭാരം ആയുസിന്റെ നാല് വര്‍ഷം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുമുണ്ട്.
ഡയബറ്റിസ് നിയന്ത്രിക്കുക
ഡയബറ്റിസ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും, അതിരോസ്ക്ലീരോസിസ്, കൊറോനരി ആര്‍ട്ടറി ഡിസീസ്, സ്ട്രോക്ക്, എന്നിവയുടെ അപകട സാധ്യത വര്‍ദ്ധിപ്പിക്കാന്‍ പ്രധാന കാരണമാണ്.
പുകവലി ഉപേക്ഷിക്കുക
ദീര്‍ഘകാലമായി പുകവലിക്കുന്നവരില്‍ പകുതി പേരും വളരെ നേരത്തെ തന്നെ പുകവലി മൂലമുള്ള അസുഖങ്ങളാല്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്നവരാണ്. ഹൃദ്രോഗം, ശ്വാസകോശ അര്‍ബുദം, ക്രോണിക് ബ്രോങ്കട്ടിസ് തുടങ്ങിയ രോഗങ്ങളെല്ലാം ഇതില്‍ പെടുന്നു. എത്രയും വേഗം നിങ്ങള്‍ പുകവലി നിര്‍ത്തുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് നിങ്ങള്ക്ക് പുകവലിക്കാത്ത ഒരാളുടെ ആരോഗ്യ നിലയില്‍ എത്തി ചേരാവുന്നതാണ്.
ഡോക്റ്റര്‍ ഇങ്ങനെയൊക്കെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും നിലവിലെ ബ്രിട്ടനിലെ സ്ഥിതി വെച്ച് നോക്കുമ്പോള്‍ മദ്യപാനികളുടെയും പുകവലിക്കാരുടെയും കാര്യത്തില്‍ ബ്രിട്ടന്‍ എത്രയോ മുന്നിലാണ്. ശരാശരി ഒരു യുക്കെ കാരന്റെ ആയുര്‍ദൈര്‍ഘ്യം 77 .9 വര്‍ഷമാണ്, സ്ത്രീകളില്‍ 82 വയസും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല