സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്ത് ലൈംഗിക അടിമകളായി ജോലി ചെയ്യേണ്ടി വന്ന, കംഫേര്‍ട്ട് വിമന്‍ എന്നറിയപ്പെടുന്ന വനിതകള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ആയിരക്കണക്കിന് ഏഷ്യന്‍, ഡച്ച്, ആസ്‌ട്രേലിയന്‍ സ്ത്രീകളാണ് രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്‍ സൈന്യത്തിന്റെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പട്ടാള ക്യാമ്പുകളില്‍ ലൈംഗിക അടിമകളായി ജോലി ചെയ്യേണ്ടി വന്നത്.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മന്ത്രിസഭയില്‍ കൂട്ടുകക്ഷിയായ വലതു പക്ഷത്തിന്റെ നിലപാടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇത്തരം ലൈംഗിക കംഫര്‍ട്ട് സ്റ്റേഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് സമ്മതിക്കുമ്പോഴും ലോകത്തെ മിക്കവാറും സൈന്യങ്ങളും ഇതേ പാത പിന്തുടര്‍ന്നിരുന്നു എന്നാണ് വലതുപക്ഷത്തിന്റെ വാദം.
അമേരിക്കന്‍ യുദ്ധ സ്മാരകങ്ങളിലും, പാഠ പുസ്തകങ്ങളിലും ജപ്പാന്‍ സൈന്യത്തിന്റെ ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ വലതു പക്ഷക്കാര്‍ രംഗത്തെത്തിയതോടെ വിവാദം അമേരിക്കയിലുമെത്തി.
ജപ്പാന്‍ സര്‍ക്കാര്‍ അമേരിക്കന്‍ പ്രസാധകരായ മക്‌ഗ്രോ ഹില്ലിനോട് അവരുടെ പുതിയ പാഠ പുസ്തകത്തിലെ ലൈംഗിക അടിമകളെക്കുറിച്ച് പരാമര്‍ശിക്കുന്ന രണ്ടു ഖണ്ഡികകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ് പുതിയ സംഭവ വികാസം.
പുസ്തകം വായിച്ച് താന്‍ ഞെട്ടിപ്പോയെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ആബെ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഖണ്ഡികള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ച പ്രസാധകരുടെ നിലപാടിന് പിന്തുണയുമായി അമേരിക്കന്‍ ഹിസ്റ്ററി അസോസിയേഷന്‍ രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. അന്നത്തെ ജപ്പാന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ലൈംഗിക കംഫേര്‍ട്ട് സ്റ്റേഷനുകള്‍ നിലനിന്നിരുന്നു എന്ന് അസോസിയേഷന്‍ അടിവരയിട്ട് പറയുന്നു.
എന്തായാലും ജപ്പാന്റെ ചരിത്രം വളച്ചൊടിച്ച് രാജ്യത്തെ നാണം കെടുത്താനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് വലതു പക്ഷക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല