സ്വന്തം ലേഖകന്‍: ഷാര്‍ജ ഭരണാധികാരിക്ക് തിരുവനന്തപുരത്ത് ഊഷ്മള വരവേല്‍പ്പ് ഒരുക്കി കേരളം, അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികള്‍. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവുമായ ഡോ. ഷെയിഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച വൈകുന്നേരം 3.30ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഔദ്യോഗിക ബോയിംഗ് വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവരും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ബന്നയും യുഎഇ ഭരണീധികാരിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് കേരള പോലീസ് പുരുഷ, വനിതാ സേനാ വിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയ ശേഷം അദ്ദേഹം കോവളം ലീല ഹോട്ടലിലേക്ക് പോയി.
ഷാര്‍ജ ഭരണാധികാരി 28 വരെ കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 10.55 ന് രാജ്ഭവനിലെത്തുന്ന അല്‍ ഖാസിനി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.45ന് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. വൈകിട്ട് 6.30 ന് കോവളം ഹോട്ടല്‍ ലീലാ റാവിസില്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടിയിലും മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നിലും പങ്കെടുക്കും.
കഴിഞ്ഞ ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കേരളത്തില്‍ എത്തിയിരിക്കുന്നത്. മുന്നു ദിവസമാണ് ഔദ്യോഗിക കാര്യങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. കേരളത്തിന്റെ അതിവിശിഷ്ടാതിഥിയായി എത്തുന്ന അദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി. ലിറ്റ് ബിരുദവും സ്വീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല