സ്വന്തം ലേഖകന്‍: വാഷിങ്ടണിലെ മാളില്‍ വെടിവപ്പ്, നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ആക്രമി വെടിവച്ചു കൊന്നു. സ്പാനിഷ് വംശജനായ യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. ബുര്‍ലിങ്ടണിലെ കാസ്‌കാഡ് മാളില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. മാളിലെ മേക്കപ് ഷോപ്പിലുണ്ടായിരുന്ന സ്ത്രീകള്‍ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റയാള്‍ ഹാര്‍ബോര്‍വ്യൂ മെഡിക്കല്‍ സെന്ററിലുമാണ് മരിച്ചത്.
ആക്രമിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ വിഡിയോയില്‍നിന്ന് ലഭിച്ച ചിത്രമാണ് പുറത്തുവിട്ടത്. വെടിയുതിര്‍ത്തയാള്‍ 20 വയസ്സ് തോന്നിക്കുന്ന യുവാവാണെന്നും കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയതെന്നും തിരിച്ചറിയാനുള്ള മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മാളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് പൊലീസ് തിരച്ചില്‍ നടത്തി.
സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെങ്കിലും സ്റ്റേറ്റ് പട്രോള്‍ ടീമും എന്‍ഫോഴ്‌സ്‌മെന്റും വെടിയുതിര്‍ത്തയാളെ കണ്ടത്തൊനുള്ള ശ്രമത്തിലാണെന്ന് വാഷിങ്ടണ്‍ ഗവര്‍ണര്‍ ജെ ഇന്‍സ്ലീ പ്രസ്താവനയില്‍ പറഞ്ഞു. വെടിവെച്ചയാള്‍ തനിച്ചാണ് മാളിലത്തെിയതെന്നും ഒന്നില്‍ കൂടുതല്‍ പേരുടെ പങ്കുള്ളതായി കരുതുന്നില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിനിസോട്ടയില്‍ അക്രമി ഒമ്പതുപേരെ കുത്തിപ്പരിക്കേല്പിച്ച സംഭവമുണ്ടായി ഒരാഴ്ചയ്ക്കകമാണ് മാളിലെ ആക്രമണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല