1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2017

സ്വന്തം ലേഖകന്‍: കമ്യൂണിസ്റ്റ് കേരളത്തെക്കുറിച്ച് പ്രത്യേക ലേഖനവുമായി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. പത്രത്തിന്റെ ഞായറാഴ്ച പതിപ്പിന്റെ ഒന്നാം പേജിലാണ് കമ്യൂണിസ്റ്റുകളുടെ സ്വപ്‌നഭൂമിയായി കേരളത്തെ വിശേഷിപ്പിക്കുന്ന ലേഖനം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ വേരോട്ടവും തിരഞ്ഞെടുപ്പുകള്‍ ജയിച്ച് അധികാരത്തിലെത്തുവാന്‍ ശേഷിയുമുള്ള കേരളം ലോകത്ത് അവശേഷിക്കുന്ന അവസാന കമ്യൂണിസ്റ്റ് തുരുത്തുകളില്‍ ഒന്നാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

പി.കൃഷ്ണപ്പിള്ളയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്ന ധനമന്ത്രി തോമസ് ഐസകിനൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ജനകീയ ഇടപെടലുകളുടെ ചിത്രങ്ങളും സഹിതമാണ് മൂന്നുപേജ് നീളുന്ന സ്റ്റോറി. വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ഗ്രെഗ് ജഫി, ഇന്ത്യാ കറസ്‌പോണ്ടന്റ് വിധി ദോഷി എന്നിവര്‍ ചേര്‍ന്നാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

ഒരു ഫാസിസ്റ്റ് ഭരണകൂടത്തോട് പടവെട്ടി ക്ഷേമരാഷ്ട്രം സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്ന ധനമന്ത്രി തോമസ് ഐസക് ലേഖകരോട് പറയുന്നു. സെമിനാരിയില്‍ വൈദിക പഠനത്തിന് പോയ താന്‍ പിന്നീട് പിതാവിന്റെ മില്ലിലെ തൊഴിലാളികളെ കൂട്ടി അദ്ദേഹത്തിനെതിരായി സമരം ചെയ്തു കൊണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നതെന്നും തോമസ് ഐസക് ലേഖനത്തില്‍ ഓര്‍മിക്കുന്നുണ്ട്.

വിപ്ലവത്തിലൂടെ അധികാരത്തിലെത്തുന്നതിന് പകരം 1950 കളില്‍ തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നുവെന്നും, കൃഷ്ണപ്പിള്ളയെ പോലുള്ള പ്രാദേശിക നേതാക്കള്‍ക്കൊപ്പം സ്റ്റാലിനും ലെനിനും പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പാര്‍ട്ടി ഓഫിസുകളില്‍ തൂക്കുന്നത് പതിവാണെന്നൊമൊക്കെ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. കൊച്ചു സംസ്ഥാനമായ കേരളത്തില്‍ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ടെന്നും നാലാമതൊരെണ്ണം ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ലേഖനത്തില്‍ പറയുന്നു.

പ്രവാസി മലയാളികളുടെ ആധിക്യം കാരണം ഒരു പ്രാദേശിക ചാനല്‍ കാണാതായ പ്രവാസികളെ കണ്ടെത്താന്‍ പ്രത്യേക പരിപാടി തുടങ്ങി. ഗള്‍ഫ് പണം കൊണ്ട് നിര്‍മ്മിക്കുന്ന ആഡംബര വീടുകള്‍ കേരളത്തില്‍ പതിവ് കാഴ്ച്ചയാണെന്നും ഈ വീടുകളില്‍ പക്ഷേ താമസിക്കാന്‍ ആരുമില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ലേഖനം പിണറായി വിജയന്‍ അടക്കം മറ്റൊരു കമ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചും കേരളത്തിലെ ഇപ്പോഴത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെക്കുറിച്ചും ഒന്നും പറയുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.