ഭൂമിയിലെ മാലിന്യങ്ങള്‍ ബഹിരാകാശത്ത് കൊണ്ടുപോയ് കളഞ്ഞാലോ എന്ന ചിന്തകള്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ ഇതിനിടയില്‍ ഇതാ ഇപ്പോള്‍ ബഹിരാകാശത്തും മാലിന്യ ഭീഷണി! തകര്‍ന്ന ഉപഗ്രഹങ്ങളുടെ ഭാഗങ്ങളും ഉപയോഗശുന്യമായ ഉപഗ്രഹങ്ങളുമാണ് ഭൂസ്ഥിര- വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി ബഹിരാകാശത്തുള്ളത്. എന്നാല്‍ ഇത്തരം മാലിന്യങ്ങള്‍ ബഹിരാകാശത്തുനിന്നും നീക്കിയില്ലെങ്കില്‍ മറ്റു ബഹിരാകാശ വാഹനങ്ങളുടെ ബാഹ്യാവരണത്തിന് കനത്ത കേടുപാടുണ്ടാക്കാനും ഇന്ധന ടാങ്കിനു തീപിടിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനായി രാജ്യാന്തരതലത്തില്‍ സഹകരണം ആവശ്യമാണെന്ന് അമേരിക്കന്‍ നാഷണല്‍ റിസേര്‍ച്ച് കൗണ്‍സിലിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
ഭൂമിയില്‍ മാലിന്യകൂമ്പാരങ്ങള്‍ക്കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നതിനിടയിലാണ് ഇതെന്ന് ഓര്‍ക്കണേ. കമ്മീഷന്‍ ചെയ്യാത്ത ഒരു കാലാവസ്ഥാ ഉപഗ്രഹം പരീക്ഷണത്തിന്റെ ഭാഗമായി ചൈന തകര്‍ത്തത് മൂലം ഒന്നര ലക്ഷത്തോളം കഷ്ണങ്ങളാണ് ബഹിരാകാശത്തുള്ളത്. 2 വര്‍ഷം മുമ്പ് റഷ്യയുടെയും അമേരിക്കയുടെയും ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതേത്തുടര്‍ന്ന് പതിനായിരക്കണക്കിനു ഉപഗ്രഹഭാഗങ്ങളാണ് ബഹിരാകാശപാതയില്‍ ഭീഷണിയുയര്‍ത്തി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ബഹിരാകാശത്തു ഭ്രമണം ചെയ്യുന്ന 600 തകര്‍ന്ന ഉപഗ്രഹങ്ങള്‍ 10 വര്‍ഷത്തിനകം വീണ്ടെടുത്തു നശിപ്പിക്കാനാവുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം റഷ്യ തയാറാക്കിയിരുന്നു. ഭൂമിക്കു തൊട്ടുമുകളിലുള്ള ബഹിരാകാശ മേഖലയില്‍ ഭ്രമണം ചെയ്യുന്ന ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളും മറ്റ് അവശിഷ്ടങ്ങളും ശുചീകരണ ഉപഗ്രഹം പിടിച്ചെടുക്കുകയും പിന്നീട് ഭൂമിയിലെത്തിച്ച് സമുദ്രത്തില്‍ തള്ളുകയും ചെയ്യുന്ന പദ്ധതിയാണ് റഷ്യ തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല