ലണ്ടന്‍ : ആഴ്ചയിലൊരിക്കല്‍ മാലിന്യം നീക്കാനുളള ഗവണ്‍മെന്റിന്റെ പദ്ധതി നടപ്പിലാക്കിയത് ഇംഗ്ലണ്ടിലെ ഒരു കൗണ്‍സില്‍ മാത്രം. നിലവില്‍ രണ്ടാഴ്ച കൂടുമ്പോഴാണ് കൗണ്‍സിലുകള്‍ വേസ്റ്റ് കളക്ട് ചെയ്യുന്നത്. ഇത് വ്യാപകമായ പരാതി ഉയര്‍ത്തിയപ്പോഴാണ് ആഴ്ചയിലൊരിക്കല്‍ വേസ്റ്റ് നീക്കം ചെയ്യണമെന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചത്. ഇതിനാകുന്ന അധിക തുക ഗവണ്‍മെന്റ് കൗണ്‍സിലുകള്‍ക്ക് നല്‍കുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി എറിക് പിക്കിള്‍സ് അറിയിച്ചിരുന്നു. അതിനായി 250 മില്യണ്‍ പൗണ്ട് ഗവണ്‍മെന്റ് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ വകയിരുത്തിയിരുന്നു. ഇതനുസരിച്ച് ആഴ്ചയില്‍ വേസ്റ്റ് നീക്കാത്ത 42 ശതമാനം കൗണ്‍സിലുകള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമായിരുന്നു.
സ്‌റ്റോക്ക് ഓണ്‍ ട്രന്റിലെ ലേബര്‍ കൗണ്‍സില്‍ മാത്രമാണ് പദ്ധതിപ്രകാരം ആഴ്ചയിലൊരിക്കല്‍ മാലിന്യം നീക്കം ചെയ്യാനുളള നടപടികള്‍ സ്വീകരിച്ചത്. ട്രേഡ് മാഗസീന്‍ മറ്റീരിയല്‍സ് റീസൈക്ലിംഗ് വേള്‍ഡ് എന്ന മാസിക വിവരാവകാശ നിയമപ്രകാരം നേടിയെടുത്ത രേഖകളിലാണ് ഈ വിവരങ്ങള്‍ ഉളളത്. ഗാര്‍ഹിക മാലിന്യങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യുന്നത് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം നല്‍കില്ലെന്നാണ് പല കൗണ്‍സിലുകളുടേയും ധാരണയെന്ന് ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് വേസ്റ്റ് മാനേജ്‌മെന്റിലെ ജോണ്‍ സ്‌കിഡ്‌മോര്‍ പറയുന്നു.
പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ച കൗണ്‍സിലുകളില്‍ മൂന്നിലൊന്നും ആഹാരമാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് ശേഖരിക്കുന്നതിനാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്. 141 തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. മുപ്പത് ശതമാനം കൗണ്‍സിലുകളും നിലവിലുളള സ്ഥിതി തുടരാനാണ് ആഗ്രഹിക്കുന്നത്. ചില കൗണ്‍സിലുകള്‍ ഈ പണം ഉപയോഗിച്ച് മറ്റ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ചെഷയര്‍ വെസ്റ്റിലേയും ചെഷയറിലേയും കൗണ്‍സിലുകള്‍ ഈ പണം ഉപയോഗിച്ച് ഡിസ്‌പോസിബിള്‍ നാപ്പി റീസൈക്ലിംഗ് സര്‍വ്വീസ് നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നത്.
പല കൗണ്‍സിലുകളിലും മുന്‍പേ ആഴ്ചയിലൊരിക്കല്‍ മാലിന്യം നീക്കം ചെയ്യുന്നുണ്ട്. ഇത് നടപ്പിലാക്കാത്ത കൗണ്‍സിലുകള്‍ക്കായാണ് എറിക് പിക്കിള്‍സ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ആഹാരമാലിന്യങ്ങള്‍ രണ്ടാഴ്ച വീട്ടില്‍ സൂക്ഷിക്കുന്നത് സാധിക്കാത്തതിനാലാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യം എന്ന പരിഗണന നല്‍കി പുതിയ പദ്ധതി നടപ്പിലാക്കിയതെന്നും പിക്കിള്‍സ് കൂട്ടിച്ചേര്‍ത്തു. ആഴ്ചയില്‍ മാലിന്യം നീക്കം ചെയ്യുന്ന കൗണ്‍സിലുകള്‍ക്ക് അവര്‍ ചെലവാക്കുന്ന പണം തിരികെ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഗവണ്‍മെന്റ് നല്‍കുന്ന തുക പദ്ധതി നടപ്പിലാക്കാന്‍ തികയില്ലന്ന് കൗണ്‍സിലുകള്‍ ആരോപിച്ചു. അഞ്ച് വര്‍ഷം ആഴ്ചയിലൊരിക്കല്‍ എന്ന കണക്കില്‍ മാലിന്യം നീക്കം ചെയ്യുകയാണങ്കില്‍ ഗവണ്‍മെന്റ് നല്‍കുന്ന തുക മൂന്ന് വര്‍ഷത്തേക്ക് പോലും തികയില്ലന്ന് കൗണ്‍സിലുകള്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല