1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2011


യു കെയിലെ മിക്ക ഹോസ്പിറ്റലുകളിലെയും നഴ്സിംഗ് ഹോമുകളിലെയും ഇംഗ്ലീഷുകാരായ സ്റ്റാഫുകള്‍ മലയാളം പഠിക്കാന്‍ തുടങ്ങിയതായി തമാശരൂപേണയെങ്കിലും ആളുകള്‍ പറയുന്നുണ്ട്.മലയാളം സംസാരിക്കുന്നവരുടെ എണ്ണം കൂടുന്നതാണത്രേ ഇതിന്‍റെ കാരണം.മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ഹാന്‍ഡ്‌ ഓവര്‍ കൊടുക്കുന്നത് പോലും മലയാളത്തിലാണ്.എന്തായാലും സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ പറയുന്നതിന്‍റെ സുഖം ഒന്ന് വേറെയാണെന്നത് സത്യം തന്നെ.

എന്നാല്‍ ഈ ഭാഷാസ്വാതന്ത്യ്രം ഹനിക്കുന്നതിനെതിരെ വാട്ടര്‍‌സ്റ്റോണ്‍ വെയര്‍ഹൗസിലെ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ജീവനക്കാര്‍ സ്ഥാപനത്തിനെതിരെ സമരത്തിലേക്ക്. ജോലി സമയത്ത് സഹപ്രവര്‍ത്തകരോട് ഇംഗ്‌ളീഷില്‍ മാത്രമേ സംസാരിക്കാവു എന്ന അധികൃതരുടെ ഉത്തരവിനെതിരെയാണ് ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

പോളണ്ടില്‍ നിന്നും ലാറ്റ്‌വിയാനില്‍ നിന്നുമുള്ള ജീവനക്കാരാണ് ഇവിടെ അധികവും. ജോലി സമയത്ത് ഇംഗ്‌ളീഷ് മാത്രമേ സംസാരിക്കാവൂവെന്നും എന്നാല്‍ വിശ്രമവേളകളില്‍ തങ്ങളുടെ മാതൃഭാഷകള്‍ സംസാരിക്കാമെന്നുമാണ് കമ്പനിയുടെ പുതിയ ഉത്തരവ്. ഇത് സ്ഥാപനത്തിനകത്ത് സമത്വം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് കമ്പനി അധികൃതരുടെ വാദം. കൂടാതെ സുരക്ഷാ നിര്‍ദേശങ്ങള്‍ എളുപ്പത്തില്‍ വിനിമയം ചെയ്യപ്പെടാനും ജോലി സ്ഥലത്ത് ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താനും ഈ നടപടി സഹായിക്കുമെന്നാണ് അവര്‍ പറയുന്നത്.

സ്ഥപനത്തില്‍ ആകെയുള്ള 120 ജീവനക്കാരില്‍ ഭൂരിപക്ഷവും കുടിയേറ്റക്കാരാണ്. ഇപ്പോഴത്തെ ഉത്തരവ് വിവേചനപരമാണെന്നാണ് അവര്‍ ആരോപിക്കുന്നത്. ഈ നിയമം തങ്ങളുടെ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് കാണിച്ച് കുടിയേറ്റക്കാരായ ജീവനക്കാര്‍ കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സേവന ഏജന്‍സിയായ യുണീപാര്‍ട്ട് ആണ് വാട്ടര്‍ സ്റ്റോണിന് വേണ്ടി ഈ നിയമം ആവിഷ്‌കരിച്ചത്. ലുതുവാനിയ, ഹംഗറി, സൗത്ത് ആഫ്രിക്ക, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ജോലിക്കാനും വാട്ടര്‍ സ്റ്റോണില്‍ ഉണ്ട്. ഭൂരിഭാഗം ജോലിക്കാരും മറ്റു രാജ്യങ്ങളില്‍ നിന്നാണ് എന്നിരിക്കെ ജീവനക്കാര്‍ ഇംഗ്‌ളീഷ് സംസാരിക്കണമെന്ന നിയമം കടുംപിടുത്തമാണെന്ന് ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധി റിക്ക് കോയ്ല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.