1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2024

സ്വന്തം ലേഖകൻ: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്ന് പാർട്ടികൾ ആഹ്വാനംചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത് നാട്ടുകാർ. പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു.

ജീപ്പിന് പോലീസ് സംരക്ഷണം നൽകിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടർന്നു. ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ നിയന്ത്രിക്കാനെത്തിയെങ്കിലും നാട്ടുകാർ വകവെച്ചില്ല. പ്രതിഷേധം മൊബൈലിൽ ചിത്രീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ അദ്ദേഹത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. തുടർന്ന് ജീപ്പിന് മുകളിൽ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ വച്ചു.

വയനാട്ടിൽ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേരാണ് മരിച്ചത്.വനംവകുപ്പും സർക്കാരും സംരക്ഷണമൊരുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആളുകൾ പ്രതിഷേധിക്കുന്നത്. ജില്ലയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.

പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് വെള്ളിയാഴ്ച കാട്ടായാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വെച്ചുള്ള പ്രതിഷേധം നടക്കുന്നതിനിടെയാണ് വനവകുപ്പ് ജീപ്പ് ഇതിലൂടെ കടന്നുപോയത്. ഈ ജീപ്പിന് നേരെയാണ് ജനങ്ങൾ അക്രമാസക്തരായത്.

സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് വരുന്നതെന്നായിരുന്നു വിമര്‍ശനം. ജില്ലയെ അവഗണിക്കുന്ന വനംമന്ത്രിയെ ലക്കിടിയില്‍ തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു. വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. റവന്യു, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം ചേരുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.