1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2024

സ്വന്തം ലേഖകൻ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളി (52)ന്റെ ജീവന്‍രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നാലെ അദ്ദേഹം മരിച്ചു. 3.25-ഓടെയാണ് മരിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനാണ് വി.പി. പോള്‍.

കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.

ആനക്കൂട്ടത്തില്‍ ഒന്നും ഒരാന പോളിന് നേരെപാഞ്ഞടുത്തുവന്ന് ആക്രമിക്കുകയായിരുന്നു. ഭന്നോടിയെങ്കിലും പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. പോളിന്റെ വാലിയെല്ലുകളുള്‍പ്പെടെ തകര്‍ന്നിരുന്നു. സമീപത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തി, ബഹളം വെച്ചാണ് കാട്ടാനയെ ഓടിച്ചത്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി.

പോളിനെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പോളുമായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഒരുമണിക്കൂര്‍ 57 മിനിറ്റുകൊണ്ടാണ് ആംബുലന്‍സ് കോഴിക്കോട്ട് എത്തിയത്. ഐ.സി.യു. ആംബുലന്‍സിലായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പള്‍സ് നിലച്ചിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചില്‍ രക്തം കട്ടകെട്ടിയിരുന്നു. വാരിയെല്ലും പൊട്ടിയിരുന്നു. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഒരാഴ്ചക്കിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ശനിയാഴ്ച ചാലിഗദ്ദ പടമലയില്‍ ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ അജീഷ് കൊല്ലപ്പെട്ടിരുന്നു.വയനാട്ടില്‍ തുടര്‍ച്ചയായി കാട്ടാന ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു.ഡി.എഫും. എല്‍.ഡി.എഫും.

ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സര്‍ക്കാരും വന വകുപ്പും ഗുരുതര അനാസ്ഥ തുടരുന്നുവെന്ന് ആരോപിച്ചാണ് ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറ്‌ വരെയാണ് ഹര്‍ത്താല്‍ ആചരിക്കുകയെന്ന് യു.ഡി.എഫ്. നേതൃത്വം അറിയിച്ചു.

കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടെ മൂന്ന് പേര്‍കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ്. ഹര്‍ത്താല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.