സ്വന്തം ലേഖകൻ: മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറടക്കം മൂന്നുപേരുടെയും നില അതീവ ഗുരുതരമാണ്. ഒന്‍പത് പേര്‍ മരിച്ചതായി വയനാട് കളക്ടര്‍ രേണു രാജ് സ്ഥിരീകരിച്ചു.
വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 30 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചെറുതും വലുതമായ പാറകള്‍ നിറഞ്ഞ സ്ഥലത്താണ് ജീപ്പ് വന്നുപതിച്ചതെന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. താഴേക്ക് പതിച്ച ജീപ്പ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങിവരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിങ് സമീപത്തുവെച്ച് വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തോട്ടം തൊഴിലാളികള്‍ ജീപ്പില്‍ സ്ഥിരമായി സഞ്ചരിക്കുന്ന പാതയാണ് ഇതെങ്കിലും ഇറക്കവും വളവുകളും നിറഞ്ഞ് അപകടം പതിയിരിക്കുന്ന പ്രദേശമാണിത്. കൊടുംവളവുകള്‍ നിറഞ്ഞ ഈ റോഡില്‍ ഒരുഭാഗത്ത് വലിയ കൊക്കയാണ്.
റോഡിലൂടെ പോയ യാത്രക്കാരായ നാട്ടുകാരാണ് ജീപ്പ് അപകടത്തില്‍പ്പെട്ട വിവരം ആദ്യമറിഞ്ഞത്. കൂടുതല്‍ പേരെ വിളിച്ചുകൂട്ടി കയര്‍ താഴേക്ക് കെട്ടിയിറക്കിയാണ് നാട്ടുകാര്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൊട്ടുപിന്നാലെ പോലീസും എത്തി. മുഴുവന്‍ പേരേയും ഏറെപണിപെട്ട് കയറിലൂടെ മുകളിലേക്ക് എത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കാണ് എല്ലാവരേയും എത്തിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളായ 13 സ്ത്രീകളും ഡ്രൈവറും ഉള്‍പ്പെടെ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ച ഒമ്പതുപേരില്‍ ആറുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായാണ് വിവരം. റാണി, ചിന്നമ്മ, ശാന്ത, ലീല, റാബിയ, ഷാജ ബാബു, വസന്ത, മേരി എന്നിവരുടെ മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ മണി, ലത, ഉമാ ദേവി എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല