സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കും. ഒരു മണ്ഡലത്തില്‍ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.
2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചിരിക്കുന്നത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയിരിക്കുന്നത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുലിന് ഹൈക്കോടതിയേയോ സുപ്രീംകോടതിയോ സമീപിക്കാം. മേല്‍ക്കോടതി സൂറത്ത് കോടതി വിധിയെ സ്‌റ്റേ ചെയ്യുകയോ ഇളവ് നല്‍കുയോ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ ഒരു എംപിക്കും എംഎല്‍എയ്ക്കുമാണ് അയോഗ്യത വന്നിരിക്കുന്നത്. ജാതി സംവരണത്തില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ ദേവികുളം എംഎല്‍എ എ.രാജയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് വയനാട് ലോക്‌സഭാ അംഗത്തിനും അയോഗ്യത വന്നിരിക്കുന്നത്. രാജയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവ് ഹൈക്കോടതി പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. രാഹുലിനെതിരായ വിധിയില്‍ മേല്‍ക്കോടതികളുടെ ഇടപെടലുകള്‍ ഇല്ലാതിരുന്നാല്‍ ഈ വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം വയനാട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.
എന്നാല്‍ നേരത്തെ ലക്ഷദ്വീപ് എംപി സ്ഥാനത്ത് നിന്ന് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇത് മരവിപ്പിച്ചിരുന്നു. വധശ്രമക്കേതില്‍ ശിക്ഷക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാല്‍ ശിക്ഷവിധിച്ച സെഷന്‍സ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.
രാഹുലിന് അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സമയം സൂറത്ത് കോടതി നല്‍കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല