പണ്ട് ഇത്തിരി വണ്ണം വച്ചാലും കുഴപ്പമില്ലായിരുന്നു. സ്ത്രീകള്‍ ഇത്തിരി വണ്ണം വെച്ചിരിക്കുന്നതാണന്നാണ് നല്ലതെന്നായിരുന്നു പൊതുവേയുളള ധാരണ. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് കോലവും മാറണമല്ലോ… ഇപ്പോള്‍ എല്ലാവരുടേയും നോട്ടം എങ്ങനെ സൈസ് സീറോ ആകാമെന്നാണ്. എന്നാല്‍ അതിനായി കഷ്ടപ്പെടാന്‍ തയ്യാറുമല്ല. ഫലമോ വിപണിയില്‍ കിട്ടുന്ന പല സാധാനങ്ങളും വാങ്ങി കഴിക്കുകയും ചെയ്യും. എന്നാല്‍ ഇത്രയൊന്നും കഷ്ടപ്പെടേണ്ട കാര്യമില്ല… നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന ഈ പത്ത് ഭക്ഷണങ്ങളെ ഒഴിവാക്കൂ… ആഗ്രഹിക്കുന്ന രൂപഭംഗി നിങ്ങള്‍ക്ക് നേടിയെടുക്കാം.
ജ്യൂസ്, സ്മൂത്തികള്‍
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാലറി കൂടുതലുളളത് ദ്രാവക രൂപത്തില്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കാണന്ന് പലര്‍ക്കും അറിയില്ല. പലരും ഡയറ്റിംഗിന്റെ ഭാഗമായി രാവിലെ ഒരു ഗ്ലാസ് സ്മൂത്തിയോ ജ്യൂസോ ആണ് കഴിക്കാറ്. എന്നാല്‍ ഇവയിലടങ്ങിയിരിക്കുന്ന പഞ്ചസാരയും മറ്റും കാലറിയുടെ ഒരു കലവറ തന്നെയാണ്. സാധാരണ പഴങ്ങളെക്കാള്‍ നാരുകളുടെ അളവും ഇതില്‍ കുറവായിരിക്കും. ജ്യുസ് കഴിക്കുന്നതിന് പകരം അവ പഴങ്ങളായി തന്നെ കഴിക്കുന്നന്നതാണ് കൂടുതല്‍ ഉത്തമം.
സീരിയല്‍ ബാറുകള്‍
സീരിയല്‍ ബാറുകള്‍ ഒരു ഉത്തമ ബ്രേക്കഫാസ്റ്റായാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഈ ബാറുകള്‍ പഞ്ചാസാരയിലും കോണ്‍ സിറപ്പിലും പൊതിഞ്ഞാണ് ഉണ്ടാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണമാണന്ന ധാരണയുണ്ടെങ്കിലും സെറാല്‍ ബാറുകളില്‍ ഒരു സാധാരണ ചോക്ലേറ്റ് ബാറിനേക്കാള്‍ കൂടുതല്‍ അളവില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.
ഉണങ്ങിയ പഴങ്ങള്‍
സ്മൂത്തികളേയും ജ്യുസും പോലെ ഡ്രൈ ഫ്രൂട്ട്‌സും ശരീരത്തിന് ഉത്തമമായ ആഹാരമാണന്നാണ് പൊതുവേ ധാരണ. എന്നാല്‍ പഴങ്ങള്‍ ഉണക്കുമ്പോള്‍ അവയിലെ പഞ്ചസാര ജലാംശം നഷ്ടപ്പെട്ട് കട്ടിയായ അവസ്ഥയിലെത്തുന്നതിനാല്‍ ഒരു സാധാരണ പഴത്തിനേക്കാള്‍ കൂടുതല്‍ കാലറി ഡ്രൈഫ്രൂട്ടിലുണ്ട്. അതുപോലെ തന്നെ ഉണങ്ങിയ പഴങ്ങളില്‍ നാരുകളുടേയും പോഷകങ്ങളുടേയും അളവ് കുറവുമാണ്. കൂടാതെ പായ്ക്കറ്റുകളില്‍ ലഭിക്കുന്ന ഡ്രൈഫ്രൂട്ടുകളില്‍ രുചിക്ക് വേണ്ടി അധികമായി പഞ്ചസാരയും ചേര്‍ക്കുന്നുണ്ട്.
ഡയറ്റ് ഡ്രിങ്കുകള്‍
ഡയറ്റു ഡ്രിങ്കുകള്‍ നിങ്ങളെ സ്ലിമ്മാകാന്‍ സഹായിക്കുമെന്നാണ് കരുതിയയെങ്കില്‍ തെറ്റി. ടെക്‌സാസ് ഹെല്‍ത്ത് സെന്റര്‍ നടത്തിയ പഠനത്തില്‍ ഹെല്‍ത്ത് ഡ്രിങ്കുകള്‍ കുടിക്കുന്ന ഒരു വ്യക്തി അത് കുടിക്കാത്ത ഒരാളെക്കാള്‍ തടി വെയ്ക്കാനുളള ചാന്‍സ് 70 ശതമാനമാണ്. ഇത്തരം പാനീയങ്ങള്‍ കുടിക്കുന്ന ഒരാള്‍ക്ക് പൊണ്ണത്തടി ഉണ്ടാകാനുളള ചാന്‍സ് 44 ശതമാനം കൂടുതലാണന്നും അടുത്തിടെ നടത്തിയ പടങ്ങള്‍ കണ്ടെത്തിയിരുന്നു. മധുരത്തിനായി ചേര്‍ക്കുന്ന ക്രിത്രിമ രാസപദാര്‍ത്ഥങ്ങള്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുകയും വയറ് നിറഞ്ഞു എന്ന് നിര്‍ദ്ദേശം നല്‍കുന്ന തലച്ചോറിലെ കോശങ്ങളെ മരവിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നവരില്‍ വിശപ്പ് കൂടാന്‍ കാരണമാകുന്നത്.
സാലഡുകള്‍
ഭക്ഷണം വാങ്ങുമ്പോള്‍ അതിനൊപ്പം ലഭിക്കുന്ന സാലഡുകള്‍ ആരോഗ്യത്തിന് നല്ലതാണന്നാണ് ധാരണ. എന്നാല്‍ പച്ചക്കറികളും പഴങ്ങളുമൊക്കെ എണ്ണയിലോ പഞ്ചസാരയിലോ മുക്കി നല്‍കുന്ന സാലഡുകള്‍ ശരിക്കും കാലറി കൂട്ടുന്നവയാണ്. എന്നാല്‍ അവോക്കാഡോ, ഓലിവ് ഓയില്‍ എന്നിവ ചേര്‍ക്കുന്ന സാലഡുകള്‍ വണ്ണം കുറയ്ക്കുകയും ചെയ്യും.
സൂപ്പുകള്‍
ശരിയായ രീതിയില്‍ ഉണ്ടാക്കുന്ന സൂപ്പുകള്‍ വണ്ണം കുറയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. എന്നാല്‍ ചീസ്, ക്രീം തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന സൂ്പ്പുകളാകട്ടെ കാലറികളുടേയും കൊഴുപ്പിന്റേയും കലവറ തന്നെയാണ്. സൂപ്പുകളില്‍ ഉപ്പിന്റെ അംശം കൂടുതലായതിനാല്‍ അത് തടി കൂടാന്‍ സഹായിക്കും. പച്ചക്കറി അടങ്ങിയതും ക്രീമില്ലാത്തതുമായ സൂപ്പുകള്‍ ഉപയോഗിക്കുന്നത് തടി കുറയാന്‍ സഹായിക്കും.
സോസുകള്‍
തടി കുറയ്ക്കുന്നതിന്റെ ഭാഗമായി പോഷകഗുണമുളള പലഹാരങ്ങള്‍ തെരഞ്ഞടുക്കുമ്പോള്‍ അവയ്‌ക്കൊപ്പം ലഭിക്കുന്ന സോസുകളെ കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. പായ്ക്ക് ചെയ്ത് വരുന്ന സോസുകളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണ്. പലതിലും ഇരട്ടി അളവിലാകും ക്രീമുകള്‍ ചേര്‍ക്കുന്നത്. ഇനി സോസ് ഒഴിവാക്കാനാകാത്തവര്‍്ക്ക വീട്ടിലുണ്ടാക്കാവുന്ന ടൊമാറ്റോ സാല്‍സയോ മറ്റോ ഉപയോഗിക്കാവുന്നതാണ്.
പച്ചക്കറി ഉപ്പേരികള്‍
ഉരുളകിഴങ്ങ് വറുത്തത് കൊഴുപ്പ് കൂട്ടുമെന്ന് കരുതി പലരും മറ്റ് പച്ചക്കറികള്‍ വറുത്ത് കഴിക്കാറുണ്ട്. എന്നാല്‍ പല പച്ചക്കറികളും എണ്ണയിലിട്ട് വറുക്കുമ്പോഴേക്കും അവയിലടങ്ങിയിരിക്കുന്ന നാരുകള്‍ നശിക്കാറുണ്ട്. എണ്ണയിലിട്ട് വറുക്കുന്നത് കാരണം ഇവയില്‍ കൊഴുപ്പിന്റെ അളവും ഉപ്പും കൂടുതലായിരിക്കും.
പോപ്പ്‌കോണ്‍
സാധാരണ പോപ്പ്‌കോണ്‍ ആരോഗ്യകരമായ ഒരു ഭക്ഷണം തന്നെയാണ്. എന്നാല്‍ രുചിക്ക് വേണ്ടി ഇതിലേക്ക് ബട്ടര്‍ ചേര്‍്ക്കുമ്പോള്‍ ഇതിന്റെ ആരോഗ്യകരമായ ഗുണങ്ങള്‍ ഇല്ലാതാവുകയും കൊഴുപ്പും കാലറിയും കൂട്ടുകയും ചെയ്യുന്നു. സിനിമയും മറ്റും കാണുമ്പോള്‍ അറിയാതെ ഇത്തരം പോപ്പ്‌കോണ്‍ കൂടുതല്‍ കഴിക്കുന്നത് കൂടുതല്‍ അളവില്‍ കൊഴുപ്പ് അകത്തു ചെല്ലാന്‍ കാരണമാകുന്നു.
ഗ്രാനോള
പല കടകളിലും ഇത് ഒരു ഡയറ്റ് ഫുഡായാണ് വില്‍ക്കുന്നത്. ശരിക്കും ഗ്രനോള ഒരു ഡയറ്റ് ഫുഡാണോ എന്ന് ചോദിച്ചാല്‍ അ്ല്ല എന്നാകും ഉത്തരം. ഇതില്‍ പോഷകവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണയുടേയും പഞ്ചസാരയുടേയും അളവ് അതിലും കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല