സ്വന്തം ലേഖകന്‍: ആരോപണങ്ങള്‍ ബാലിശം; ദിലീപ് രാജിക്കത്ത് നല്‍കിയിട്ടുണ്ട്; രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ല; ഡബ്ല്യുസിസിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്; ജഗദീഷ് സംഘടനയുടെ വക്താവല്ല, അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നും സിദ്ദിഖ്; താരസംഘടനയുടെ നിലപാടില്‍ പ്രതീക്ഷയില്ലെന്ന് പാര്‍വതി. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ ആരോപണം ബാലിശമെന്ന് നടന്‍ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് എ.എം.എം.എ ജനറല്‍ ബോഡിയാണെന്ന് സിദ്ദിഖ് പറഞ്ഞു.
സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എ.എം.എം.എയുടെ പ്രാധാന്യം മനസ്സിലാകില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. ഡബ്ല്യൂ.സി.സി അംഗങ്ങളെ ജനങ്ങള്‍ ചീത്തവിളിക്കുവെങ്കില്‍ അത് അവരുടെ കുഴപ്പം കൊണ്ടാണെന്നും സിദ്ദിഖ് പ്രതികരിച്ചു. കെ.പി.എ.സി ലളിതക്കൊപ്പമാണ് സിദ്ദിഖ് മാധ്യമങ്ങളെ കണ്ടത്.
മോഹന്‍ലാല്‍ അവരെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റ്. അതെങ്ങനെ അപമാനമാകും. എ.എം.എം.എ ഇരുപത്തഞ്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ നാന്നൂറോളം അംഗങ്ങളുണ്ട്. അതില്‍ നൂറ്റമ്പതോളം അംഗങ്ങള്‍ക്ക് എല്ലാ മാസവും 5000 രൂപ കൈനീട്ടം നല്‍കാറുണ്ട്. മറ്റൊരുപാട് പ്രവര്‍ത്തനങ്ങളുണ്ട്. പത്ത് ലക്ഷം വരെയുള്ള ഇന്‍ഷൂറന്‍സ് പാക്കേജ് അപകടം സംഭവിച്ച് ആശുപത്രിയിലായാല്‍ നല്‍കുന്നുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് അധിക്ഷേപിക്കാനുള്ള പ്രസ്ഥാനമല്ല. കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി പറയാനുള്ള ബാധ്യതയില്ല.
ഈ മൂന്ന് നടിമാര്‍ക്ക് ഉന്നയിച്ച പ്രധാന ആരോപണം ദിലീപിനെ പുറത്താക്കുക എന്നതായിരുന്നു. ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡി മീറ്റിങ്ങില്‍ എല്ലാവരും ആവശ്യപ്പെട്ട പ്രകാരം ദിലീപിനെതിരേയുള്ള പുറത്താക്കല്‍ നടപടി മരവിപ്പിക്കുകയായിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ജനറല്‍ ബോഡിയെടുത്ത ഒരു തീരുമാനത്തെ മറികടക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ല. മോഹന്‍ലാല്‍ ദിലീപിനോട് ഇതെക്കുറിച്ച് പറഞ്ഞപ്പോള്‍, അദ്ദേഹം സ്വമേധയാ രാജിക്കത്ത് നല്‍കി. ബി. ഉണ്ണികൃഷ്ണന്റെ കൂടെ ദിലീപ് ജോലി ചെയ്യുന്നതാണ് ഒരു പെണ്‍കുട്ടിയുടെ പ്രശ്‌നം.
അയാളുടെ തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശം. അവര്‍ ആമീര്‍ ഖാനെയും അക്ഷയ് കുമാറിനെയും എല്ലാം പുകഴ്ത്തി പറയുന്നത് കേട്ടു. ആര്‍ക്കെതിരേയോ ആരോപണം വന്നപ്പോള്‍ അവര്‍ ഏതോ ഒരു സിനിമയില്‍ നിന്ന് ഒഴിഞ്ഞു എന്ന് പറഞ്ഞു. സത്യത്തില്‍ അവര്‍ ചെയ്തതല്ലേ തെറ്റ്. ഏതോ ആരോപണത്തിന്റെ പേരും പറഞ്ഞ് അവര്‍ അല്ലേ ഒരാളുടെ തൊഴില്‍ നിഷേധിക്കുന്നത്. നാളെ ആമീര്‍ ഖാനെതിരേയും അക്ഷയ് കുമാറിനെതിരേയും ആരെങ്കിലും ആരോപണവുമായി വന്നാല്‍ എന്തു ചെയ്യും. ആരുടെയും ജോലി സാധ്യത തടയാനുള്ള സംഘടനയല്ല അമ്മ. സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന ഇവര്‍ക്ക് അതിന്റെ വില മനസ്സിലാകില്ല.
മീ ടൂ ക്യാമ്പെയിന്‍ നല്ലതാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യരുത്. കഴിഞ്ഞ ദിവസം ഒരു നടി പറഞ്ഞു 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതോ ഒരു പെണ്‍കുട്ടി അവരുടെ മുറിയില്‍ വന്ന് തട്ടി, രക്ഷിക്കണം എന്ന് പറഞ്ഞുവെന്ന്. അതെക്കുറിച്ച് വ്യക്തമായി അവര്‍ പറയാത്തതെന്ത്. ഞങ്ങള്‍ അന്വേഷിക്കാം. പെണ്‍കുട്ടിയുടെ പേര് പറയേണ്ട, പക്ഷേ ഉപദ്രവിച്ചവരുടെ പേര് പറഞ്ഞ് കൂടെ. ആരുടെയും പേരു പറയാതെ കൂറേ ആളുകള്‍ തേജോവധം ചെയ്യുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ സിനിമാ സംഘടനകളുമായി സംസാരിച്ച് ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കും.
മോഹന്‍ലാല്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞ് ബഹളം വച്ചു. ഡബ്ല്യൂ.സി.സി അംഗങ്ങള്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിനെതിരേ ഒപ്പിട്ട് നല്‍കി. മോഹന്‍ലാല്‍ സര്‍ക്കാറിന്റെ ക്ഷണമനുസരിച്ചാണ് പങ്കെടുത്തത്. ജനങ്ങള്‍ അദ്ദേഹത്തെ കൈനീട്ടി സ്വീകരിച്ചില്ലേ. എത്ര വര്‍ഷങ്ങളായി മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിക്കാന്‍ തുടങ്ങിയിട്ട്. മമ്മൂട്ടി എന്ന നടന്റെ നേരേ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ആളുകളുടെ ചീത്തവാക്ക് ഒരു സഹോദരിക്ക് കേള്‍ക്കേണ്ടി വന്നില്ലേ. എന്നിട്ട് അവര്‍ പിന്നീട് എന്താണ് പറഞ്ഞത് അവരെ ചീത്തവിളിക്കുന്നവരെ മമ്മൂട്ടി തടയണം എന്ന്.
കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ ഡബ്ല്യൂ.സി.സി ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ഒരു സഹോദരി പറഞ്ഞു, ആളുകള്‍ തെറി വിളിക്കുകയാണെന്ന്. അത് ജനങ്ങള്‍ അവര്‍ക്ക് നല്‍കുന്ന മറുപടിയാണ്. ജനങ്ങള്‍ക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് അവരെ ചീത്ത വിളിക്കുന്നത്. നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ടാണ് ഇതിന് കാരണം.
ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. ഞങ്ങളുടെ സഹോദരിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണ്. അത് അവര്‍ തിരിച്ചറിയുകയും ചെയ്തു. കൊടും ക്രിമിനലായ അയാള്‍ മൂന്ന് നാല് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന്റെ പേര് വിളിച്ചു പറയുന്നത്. പള്‍സര്‍ സുനിയോട് നടിമാര്‍ക്ക് ദേഷ്യമില്ല. ഒരു വ്യക്തിയും സംഘടനയേക്കാള്‍ വലുതല്ലെന്ന് മനസ്സിലാക്കണമെന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയാണ് ചര്‍ച്ച തുടങ്ങിയതെന്നും അതിനെ അജണ്ടയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും നടി പാര്‍വതി. ഡബ്ല്യൂസിസിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് അമ്മ ശ്രമിക്കുന്നത്. അമ്മയില്‍ തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ലെന്നും പാര്‍വതി പറഞ്ഞു.
‘രണ്ട് കാര്യങ്ങളാണ് ഇപ്പോള്‍ പറയാനുള്ളത്, ശ്രീ ജഗദീഷ് പുറത്തു വിട്ട പത്രകുറിപ്പാണോ അവരുടെ യഥാര്‍ത്ഥ ഔദ്യോഗിക പ്രതികരണം അതോ ഇപ്പോള്‍ സിദ്ദിഖ് സാറും കെപിഎസി ലളിത ചേച്ചിയും കൂടി ഇരുന്ന് സംസാരിച്ചതാണോ എഎംഎംഎയുടെ ഔദ്യോഗിക പ്രതികരണം. അതേപോലെ അവര്‍ പറയുകയും ചെയ്തു മഹേഷ് എന്ന നടന്‍ ഇവര്‍ക്ക് വേണ്ടി ഘോരം ഘോരം വാദിച്ചത് ഇവര്‍ പറഞ്ഞിട്ടല്ലെന്ന്. നമുക്കറിയാനുള്ളത് ആര് പറയുന്നതാണ് കേള്‍ക്കേണ്ടത് എന്നതാണ്.
പിന്നെ ഏറ്റവും അസഹനീയമായ കാര്യം ഇവര്‍ രണ്ടു പേരും ഇങ്ങനെയൊരു സംഭവം നമ്മുടെ സിനിമാ മേഖലയില്‍ നടക്കുന്നേ ഇല്ലെന്ന് വീണ്ടും വീണ്ടും പറയുന്നു. ഇങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് ഇതിന് മുന്‍പും വന്നിട്ടുണ്ടായിരുന്നു. നമ്മുടെ സുഹൃത്തിന് ഇങ്ങനെ വലിയൊരു സംഭവം നടന്നതിന് ശേഷവും അങ്ങനെയൊന്ന് ഇവിടെ ഇല്ലേ ഇല്ലെന്നാണ് സിദ്ദിഖ് സാര്‍ പറയുന്നത്. കെപിഎസി ലളിത ചേച്ചി പറയുന്നത് മറ്റുള്ള തൊഴിലിടങ്ങളിലെ പോലെ ഒക്കെ തന്നെയേ ഉള്ളൂ ഇത് ഇവിടെ മാത്രം അല്ലല്ലോ എന്നാണ്.
അതിനെ തീര്‍ത്തും നിസാരവത്കരിക്കുകയാണ്. അതിന് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇവരെ മാതൃകയാക്കുന്ന നോക്കിക്കാണുന്ന ഒരുപാടു പേര്‍ ഉണ്ട്. ഇങ്ങനെ ഒക്കെ കള്ളം പറയുകയാണെങ്കില്‍ കഠിന ഹൃദയ ആയിരിക്കണം. പിന്നെ ഇതില്‍ ആര് പറയുന്ന സ്റ്റേറ്റ്‌മെന്റിനാണ് നമ്മള്‍ റസ്‌പോണ്ട് ചെയ്യേണ്ടത് എന്ന് അവരൊന്ന് വ്യക്തമാക്കിയാല്‍ വലിയ ഉപകാരമാണ്,’ പാര്‍വതി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല