കുട്ടികളുടെ ആരോഗ്യത്തെ പറ്റി വേവലാതി പെടാത്ത രക്ഷിതാക്കള്‍ ആരുമില്ല. നിലവില്‍ ദാരിദ്രമല്ല മറിച്ച് പൊണ്ണത്തടിയാണ് നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണി. അതിനാല്‍ തന്നെ അവരുടെ ഭക്ഷണം, ഉറക്കം എന്നിവയില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. ഇതിപ്പോള്‍ വായിക്കുമ്പോള്‍ നിങ്ങളുടെ കുഞ്ഞ് ചിലപ്പോള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് കാണില്ല. എന്നുകരുതി അവരെ ഉണര്‍ത്താന്‍ പോകേണ്ട കേട്ടോ. കാരണം വീക്കെന്‍ഡില്‍ കുട്ടികള്‍ വൈകി ഉണരുക എന്നത് പൊണ്ണത്തടി ഇല്ലാതാക്കാന്‍ ഇടയാക്കും എന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
പത്തും പതിനൊന്നും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍ നിന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ പതിവിലേറെ ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് തടി കൂടാനുള്ള സാധ്യത മുപ്പത് ശതമാനം കുറയും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തിരക്ക് പിടിച്ച ഇടദിവസങ്ങളില്‍ നഷ്ടമായ ഉറക്കം വരാദ്യത്തിലുള്ള ഈ ഉറക്കം കൊണ്ട് മറികടക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് ആകുന്നു എന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശരീരത്തിലെ കലോറി നില നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു.
സൗത്ത് കൊറിയയിലെ ഹാലിം യൂണിവേഴ്സിറ്റി സേക്രട്ട് ഹേര്‍ട്ട് ഹോസ്പിറ്റലിലെ ഗവേഷകര്‍ 936 കുഞ്ഞുങ്ങളില്‍ നടത്തിയ ഈ പഠനം ജേര്‍ണല്‍ ഓഫ് സ്ലീപ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1970 മുതല്‍ യുകെയില്‍ കുഞ്ഞുങ്ങളിലെ അമിതഭാരം തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. ഡയബറ്റിസ്, ഹൃദ്രോഗം എന്നിവയെല്ലാം ഇക്കാരണത്താല്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിലവില്‍ ബ്രിട്ടനില്‍ നാളില്‍ ഒരു കുഞ്ഞും അമിതഭാരം ഉള്ളവരാണ്.
വ്യായാമത്തിന്റെ അപര്യാപ്തതയാണ് കുഞ്ഞുങ്ങളിലെ അമിത ഭാരത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്തര്‍ പറയുന്നത്. അതേസമയം രാത്രിയില്‍ ഉറക്കമൊഴിയുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ സാരമായി ബാധിക്കുകയും ഇത് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കൂടുതല്‍ കലോറി സംഭരിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വീക്കെന്‍ഡില്‍ നേരം വൈകി ഉണരുന്നത് ഈ ഉറക്കക്കുറവ് പരിഹരിക്കുന്നു. എന്തായാലും ശനിയും ഞായറും കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടിക്കുന്ന കുഞ്ഞുങ്ങളെ തല്ലിയും വെള്ളമൊഴിച്ചും എണീപ്പിക്കണ്ട. അവര്‍ ശരിക്കും ഉറങ്ങട്ടെ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല