ടി.സി.രാജേഷ്
ആശങ്കയുടെ തോത് 136 അടിയില്‍ നിന്ന് 125 അടിയായി കുറയുന്ന കാഴ്‌ചയോടെയാണ് 2012 മിഴിതുറന്നത്. രാഷ്ട്രീയമായും സാമൂഹ്യമായും അനവധി സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് 2011 മിഴിടയച്ചതും. ഇനി വരാനിരിക്കുന്നതും പ്രവചനാതീതമായ ഒരു വര്‍ഷം തന്നെയായിരിക്കുമെന്ന് നമുക്ക് നിസ്സംശയം പറയാം.
കേരളത്തില്‍ ഏറെക്കാലത്തിനുശേഷം നേരിയ ഭൂരിപക്ഷത്തില്‍ ഒരു മന്ത്രിസഭ അധികാരമേല്‍ക്കുന്നത് കഴിഞ്ഞവര്‍ഷം കേരളം കണ്ടു. രണ്ടോ മൂന്നോ സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ആ ദൗര്‍ബല്യം മറികടക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്നതിനും 2011 സാക്ഷിയായി. പ്രശ്‌നങ്ങള്‍ക്കു നടുവിലായിരുന്നു കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ ബാല്യം. നിയമസഭ അനവധി ദിവസങ്ങളാണ് സ്‌തംഭിച്ചത്. അതൊന്നും ജനകീയമായ പ്രശ്‌നങ്ങളുടെ പേരിലായിരുന്നില്ല, മറിച്ച് തികച്ചും രാഷ്ട്രീയമായ കാരണങ്ങളാലായിരുന്നു.
മുന്‍ മന്ത്രി ബാലകൃഷ്‌ണപിള്ള ഇടമലയാര്‍ അഴിമതിക്കേസില്‍ ജയിലില്‍ അടയ്‌ക്കപ്പെട്ടതും ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുമ്പേ ജയില്‍ മോചിതനായതും അതേച്ചൊല്ലിയുള്ള വിവാദങ്ങളും എല്ലാം 2011ല്‍ കേരളം ആസ്വദിക്കുകയായിരുന്നു. ഇതിനിടയില്‍ കോടതിക്കെതിരേയുള്ളു പരാമര്‍ശത്തിന്റെ പേരില്‍ സി.പി.എം നേതാവ് ഇ.പി.ജയരാജനും ഏതാനും ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്നു.
മന്ത്രിമാരായ കെ.ബി.ഗണേഷ്‌കുമാറും കെ.പി.മോഹനനും ചീഫ് വിപ്പ് പി.സി ജോര്‍ജുമെല്ലാം തങ്ങളുടെ വാക്കും പ്രവര്‍ത്തിയും വിവാദമാക്കിമാറ്റി. നിയമസഭയിലെ പതിവു രാഷ്ട്രീയബഹളങ്ങള്‍ പലപ്പോഴും അതിരു കടന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെച്ചൊല്ലി ഡി.വൈ.എഫ്.ഐയുടെ തീപ്പൊരി നേതാവ് ടി.വി രാജേഷ് പൊട്ടിക്കരയുന്ന ദൃശ്യം ചാനലുകള്‍ക്ക് എക്കാലത്തേക്കും ആഘോഷിക്കാനുള്ള ഫയല്‍ ദൃശ്യമായി മാറി.
അത്തരം പ്രശ്‌നങ്ങളെല്ലാം അസ്‌തമിച്ച് നാം മറന്നു. 13-ാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനവും ബഹളമയമായി അവസാനിച്ചു. അപ്പോഴും അതിനെല്ലാം കാരണമായ കേരളത്തിലെ ഭരണനിര്‍വ്വഹണ സഭയെ ദിവസങ്ങളോളം സ്‌തംഭിപ്പിച്ച, വാളകത്തെ അധ്യാപകന്‍ കൃഷ്‌ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ യാതൊരു തുമ്പുമില്ലാതെ, അത് നമ്മെയൊന്നും ആശങ്കപ്പെടുത്താതെ 2011 കടന്നുപോകുകയാണ്.
രാഷ്ട്രീയവിവാദങ്ങള്‍ കത്തിക്കയറുമ്പോഴാണ് മുല്ലപ്പെരിയാറിലെ വെള്ളത്തിനു തീപിടിക്കുന്നത്. കേരളത്തിലെ സകല രാഷ്ട്രീയകക്ഷികളേയും വൈരാഗ്യം മറന്ന് കുറച്ചു ദിവസത്തേക്കെങ്കിലും ഒരുമിപ്പിച്ചു നിര്‍ത്താന്‍ ഈ ജനകീയ സമരത്തിനു കഴിഞ്ഞു. ഒരു പക്ഷെ, ജനങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയക്കാര്‍ പോകുന്ന അപൂര്‍വ്വ സംഭവം മുല്ലപ്പെരിയാര്‍ സമരത്തിലല്ലാതെ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. അങ്ങിനെ ആ സമരത്തിലൂടെയും 2011 കേരളചരിത്രത്തിന്റെ ഭാഗമായി മാറി.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ മുഖ്യധാരാ രാഷ്ട്രീയക്കാരും ഞങ്ങള്‍ പിന്നെ വരാമെന്നു പറഞ്ഞ് സമരപ്പന്തലുകളുടെ പടിയിറങ്ങി. സമരസമിതിയുടെ ആളുകള്‍ മാത്രം ചപ്പാത്തിലും വണ്ടിപ്പെരിയാറിലുമെല്ലാം അവശേഷിച്ചു. അപ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ട് ആശങ്കകളെ കൂട്ടുപിടിച്ച് പതിവുപോലെ പുതുവര്‍ഷത്തിലേക്കു ജീവിതം നീട്ടിവിട്ടു.
ഏറെക്കാലത്തിനുശേഷം മന്ത്രിയായിരിക്കെ ഒരു രാഷ്ട്രീയനേതാവ് നമ്മെ വിട്ടുപോകുന്നതിനും 2011 സാക്ഷ്യം വഹിച്ചു. കേരളം കണ്ട മികച്ച ഭരണാധികാരികളിലൊരാളായിരുന്ന ടി.എം. ജേക്കബിന്റെ വിയോഗമായിരുന്നു അത്. ജേക്കബിന്റെ മരണത്തോടെ മന്ത്രിസഭയുടെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞുവെന്നുതന്നെ പറയാം.
2012ല്‍ കേരളം ഉറ്റുനോക്കുന്ന അനവധി കാര്യങ്ങളുണ്ട്. കൊച്ചി മെട്രോ റെയിലും എമര്‍ജിംഗ് കേരളയും സ്‌മാര്‍ട് സിറ്റിയും ദേശീയപാതാവികസനവും പോലുള്ള വിവാദവികസന പരിപാടികള്‍. പിറവം ഉപതെരഞ്ഞെടുപ്പെന്ന അഗ്നിപരീക്ഷണം. പിന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെയും പ്രശ്‌നത്തിന്റെയും ഭാവി…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല