സ്വന്തം ലേഖകൻ: യുകെ വെസ്റ്റ് ലണ്ടനില്‍ 17 കാരനായ ഇന്ത്യൻ വംശജനെ കുത്തിക്കൊലപ്പെടുത്തി. സംഘർഷത്തെ തുടർന്നാണ് കൊലപാതകം നടന്നത്. ഇന്ത്യൻ വംശജനും സിഖ് വിഭാഗക്കാരനുമായ സിമര്‍ജീത്ത് സിങ് നാംഗ്പാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അമന്‍ദീപ് സിങ് (21), മഞ്ജീത്ത് സിങ്(27), അജ്മീര്‍ സിങ് (31), പോരൻ സിങ് (71) എന്നിവര്‍ക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പിടിയിലായവരും ഇന്ത്യൻ വംശജരാണ്.
സൗത്താളില്‍ നിന്നുമുള്ള പ്രതികളെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് മെറ്റ് പൊലീസ് പറഞ്ഞു. പൊലീസ് എത്തിച്ചേരുന്നതിന് മുന്‍പ് അക്രമത്തില്‍ പരുക്കേറ്റ രണ്ട് പ്രതികളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്. നവംബർ 15 ബുധനാഴ്ച വെളുപ്പിനെ 12.15 ന് ബർക്കറ്റ് ക്ലോസിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സിമര്‍ജീത്ത് സിങ് നാംഗ്പാലിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.
മെറ്റ് പൊലീസ് ലണ്ടൻ ആംബുലൻസ് സംഘത്തോടൊപ്പം എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന വിവരങ്ങൾ നൽകുവാൻ കഴിയുന്നവർ CAD 63/15Nov എന്ന റഫറലിൽ 101 എന്ന നമ്പറിൽ വിളിക്കുവാൻ മെറ്റ് പൊലീസ് അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല