സ്വന്തം ലേഖകൻ: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് അടുത്തിടെയാണ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചത്. വാട്സാപ്പ് ആപ്പില്‍ ഒരേ സമയം രണ്ട് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. ദൈനം ദിന ജീവിതത്തില്‍ വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് പല വിധത്തില്‍ പ്രയോജനകരമാണ് ഈ ഫീച്ചര്‍.
മിക്കവാറും ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ രണ്ട് സിം കണക്ഷനുകള്‍ ഉപയോഗിക്കുന്നവരാണ്. ഈ രണ്ട് നമ്പറുകളിലും വാട്സാപ്പ് ഉപയോഗിക്കണമെങ്കില്‍ നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ ആപ്പ് ക്ളോണ്‍ സംവിധാനം ഉപയോഗിക്കേണ്ടിയിരുന്നു. അല്ലെങ്കില്‍ ഒരു നമ്പര്‍ വാട്സാപ്പ് ബിസിനസ് ആപ്പ് അക്കൗണ്ടാക്കി മാറ്റേണ്ടിവരും.
എന്നാല്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തുന്നതോടെ അത് ഉപഭോക്താവിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമാണ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അതും വാട്സാപ്പ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രം. ഐഒഎസില്‍ ഇതുവരെ എത്തിയിട്ടില്ല.
Whatsapp Settings – Account- Add Account ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് രണ്ടാമത്തെ അക്കൗണ്ട് ചേര്‍ക്കാം. പിന്നീട് രണ്ട് അക്കൗണ്ടുകളും മാറി മാറി ഉപയോഗിക്കാം. രണ്ടിലും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും.
ഇതോടെ രാജ്യം വിട്ട് സഞ്ചരിക്കുന്ന യാത്രികര്‍ക്കും പ്രവാസികള്‍ക്കും അവരുടെ സ്വന്തം നാട്ടിലെ നമ്പര്‍ വാട്സാപ്പില്‍ നിലനിര്‍ത്തി തന്നെ മറ്റു രാജ്യങ്ങളിലെ ഫോണ്‍ നമ്പറില്‍ വാട്സാപ്പ് അക്കൗണ്ട ലോഗിന്‍ ചെയ്യാനാവും. നമ്പര്‍ മാറാതെ തന്നെ നാട്ടിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താന്‍ ഇത് സഹായിക്കും.
എന്തായാലും വാട്സാപ്പ് മള്‍ട്ടിപ്പിള്‍ അക്കൗണ്ടിനെ ഏറെ പ്രധാനപ്പെട്ടൊരു ഫീച്ചറായാണ് ഉപഭോക്താക്കള്‍ കാണുന്നത്. വാട്സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാം നേരത്തെ തന്നെ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. താമസിയാതെ തന്നെ ഈ ഫീച്ചര്‍ വാട്സാപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷനിലേക്ക് എത്തുമെന്ന് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല