സ്വന്തം ലേഖകൻ: വാട്സാപ്പിൽ കൂടുതൽ പുതിയ ഫീച്ചറുകൾ വരുന്നു. അടുത്തിടെയാണ് വോയിസ് മെസേജിലെ മാറ്റങ്ങള്‍, ഇമോജി റിയാക്ഷനുകൾ, 2 ജിബി വരെ വലുപ്പമുള്ള ഡോക്യുമെന്റുകൾ അയയ്ക്കാനുള്ള സംവിധാനം എന്നിവ വാട്സാപ്പിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പ് അംഗങ്ങളെ ചേര്‍ക്കുന്നതിനുളള പരിധിയും വർധിപ്പിച്ചിരുന്നു. ഇതിനെല്ലാം പുറമെ അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറും വാട്സാപ് പരീക്ഷിക്കുകയാണ്.
മെറ്റായുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനായ വാട്സാപ് സന്ദേശങ്ങളുടെ എഡിറ്റിങ് ഫീച്ചറുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതാദ്യമായല്ല വാട്സാപ് മെസേജ് എഡിറ്റ് ഓപ്ഷനിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. 2017 ലും ഇതേ ഫീച്ചർ പരീക്ഷിച്ചിരുന്നെങ്കിലും അതൊരിക്കലും എല്ലാവർക്കും ലഭ്യമാക്കിയിരുന്നില്ല.
വാട്സാപ് എഡിറ്റ് ടെക്‌സ്‌റ്റ് ഫീച്ചർ വരുന്നുണ്ടെന്ന് വാബീറ്റാഇൻഫോ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ടെക്സ്റ്റ് സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. എഡിറ്റ് ചെയ്യേണ്ട മെസേജിൽ ടാപ്പുചെയ്ത് പിടിക്കണം, തുടർന്ന് മുകളിലുള്ള മൂന്ന്-ഡോട്ട് ഐക്കണിൽ ക്ലിക് ചെയ്യുമ്പോൾ എഡിറ്റ് ഓപ്ഷൻ ലഭിക്കും. അതേസമയം, എഡിറ്റ് ഹിസ്റ്ററി കാണിക്കാൻ വാട്സാപ്പിന് പദ്ധതിയുണ്ടെന്ന് തോന്നുന്നില്ല എന്നാണ് അറിയുന്നത്.
എന്നാൽ, അയച്ച മെസേജ് എത്ര സമയത്തിനുളളിൽ എഡിറ്റ് ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. നിലവിൽ ഐഒഎസ്, ആൻഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ് ബീറ്റ പതിപ്പുകളിൽ എഡിറ്റ് ഫീച്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനാൽ ഇത്തവണ ഈ ഫീച്ചർ എല്ലാവർക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല