സ്വന്തം ലേഖകൻ: മെസേജിങ് ആപ്പായ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്കു 2.15 ന് സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ച മുതൽ വാട്സാപ് ലോകമെമ്പാടും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല. വാട്സാപ്പിന് ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ തകരാറായിരുന്നു ഇത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.07 നാണ് പ്രശ്നം ആദ്യം റിപ്പോർട്ടു ചെയ്തതെന്ന് ഓൺലൈൻ വെബ്സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോർട്ടുകൾ ലിസ്റ്റ് ചെയ്തെന്നും പിന്നീട് സൈറ്റ് ക്രാഷ് ആയെന്നും അവർ വ്യക്തമാക്കി.
ഇറ്റലിയിൽനിന്നും തുർക്കിയിൽനിന്നുമുള്ള ഉപയോക്താക്കളും സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയാത്തതിനെ കുറിച്ച് പോസ്റ്റ് ചെയ്‌തു. യുകെയിലുടനീളമുള്ള ഉപയോക്താക്കൾക്കും വാട്സാപ് സേവനം മുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല