സ്വന്തം ലേഖകൻ: വാട്സാപ്പ് വഴി ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പെഗാസസ് എന്ന സ്പൈവെയറിന് ഒരേസമയം 50 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഹാക്ക് ചെയ്യാനാവുമെന്ന് റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെ ഫോണുകള്‍ ഒരു വര്‍ഷം പെഗാസസിന് നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് ദേശീയ മാധ്യമമായ ദ ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാലേവ് ഹുലിയോയും ഒമ്രി ലാവിയും ചേര്‍ന്ന് ഫെബ്രുവരി 2019ലാണ് സ്വകാര്യ കമ്പനിയില്‍ നിന്ന് എന്‍എസ്ഒ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഈ ഏറ്റെടുക്കലിന് മൂലധനമൊരുക്കിയത് നോവാലിന ക്യാപിറ്റല്‍ എന്ന കമ്പനിയാണ്.
ഒരു വര്‍ഷത്തേക്കുള്ള ലൈസന്‍സിന് 7മുതല്‍ 8 മില്യണ്‍ യുഎസ് ഡോളറാണ് ചെലവാകുകയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. സൈബര്‍ ഹാക്കിങ് രംഗത്ത് കുപ്രസിദ്ധമായ ഇസ്രായേലിലെ എന്‍എസ്ഒയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്നാണ് സൂചന. തീവ്രവാദവും കുറ്റകൃത്യവും തടയാന്‍ സര്‍ക്കാരുകളെ സഹായിക്കാനെന്ന പ്രഖ്യാപനത്തോടെയാണ് പെഗാസസ് എന്ന ചാര സ്പെവെയര്‍ പുറത്തിറക്കിയത്. ബ്ലാക്ബെറി, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള ഡിവൈസുകളില്‍ പെഗാസസ് ഉപയോഗിച്ച് നുഴഞ്ഞ് കയറാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ഫോണ്‍ വിളി, മെസേജ്, മെയില്‍ പാസ് വേഡ്, ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍ തുടങ്ങി ഫോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാന്‍ കഴിയും. ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ഇല്ലാതാവുന്ന രീതിയിലാണ് ഈ ചാര സ്പെവെയറിന്‍റെ നിര്‍മാണം. സര്‍ക്കാരുകള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും മാത്രമേ സോഫ്റ്റ് വെയര്‍ കൈമാറിയിട്ടുള്ളൂ എന്നാണ് എന്‍എസ്ഒ പറയുന്നതെങ്കിലും സോഫ്റ്റ്‍വെയര്‍ ആര്‍ക്കെല്ലാം കൈമാറിയിട്ടുണ്ടെന്നത് ഇനിയും വിശദമാക്കിയിട്ടില്ല. ഫോണ്‍ ചോര്‍ത്തണമെങ്കില്‍ പോലും കൃത്യമായ മാനദണ്ഡങ്ങള്‍ ഉള്ള രാജ്യങ്ങളിലാണ് സ്വകാര്യതയിലേക്കുള്ള ചാര സ്പൈവെയറിന്‍റെ നുഴഞ്ഞുകയറ്റം.
17 ഇന്ത്യക്കാർ അടക്കം 20രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ വിവരങ്ങൾ ഇസ്രായേലി എന്‍.എസ്.ഒ ചോർത്തിയെന്നാണ് വാട്സാപ്പ് അമേരിക്കൻ കോടതിയെ അറിയിച്ചത്. സർക്കാർ, സൈനിക ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ,ആക്ടിവിസ്റ്റുകൾ എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വാട്ട്സ്ആപ്പിനോട് വിശദീകരണം തേടിയത്. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ ചുരുങ്ങിയത് രണ്ടു ഡസൻ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശപ്രവർത്തകരുടേയുമെങ്കിലും ഫോണുകളിലെ വാട്ട്സ്ആപ്പ് മെസഞ്ചറിലുള്ള ന്യൂനതകൾ മുതലെടുത്തുകൊണ്ട് അവർക്കുമേൽ ചാരപ്പണി നടത്തപ്പെട്ടുവെന്നാണ് വാര്‍ത്ത പുറത്തുവന്നത്.
ഇസ്രായേലി രഹസ്യപൊലീസ് സംഘടനയിലെ മുൻ അംഗങ്ങൾ ഡയറക്ടർമാരായ എൻഎസ്ഒ എന്ന കമ്പനിയുടെ പെഗാസസ് എന്ന സോഫ്റ്റ്‌വെയറാണ് ഈ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതും തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ എൻഎസ്ഒ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടുപോകാനാണ് വാട്ട്സാപ്പ് കമ്പനിയുടെ തീരുമാനം. അതേസമയം ഇന്ത്യക്കാർ ഉൾപ്പടെ ഉള്ളവരുടെ വിവരങ്ങൾ ഇസ്രായേലി എന്‍എസ്ഒ സ്പൈവെയർ ഉപയോഗിച്ച് ചോർത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിന്‍റെ അന്വേഷണത്തിന് വാട്ട്സ്ആപ്പ് വിശദീകരണം നല്‍കിയിട്ടുണ്ട്.
വാട്ട്സ്ആപ്പ് വിവരം ചോർത്തലിനെക്കുറിച്ച് കഴിഞ്ഞ മെയില്‍ തന്നെ ഇന്ത്യൻ അധികൃതരെ അറിയിച്ചിരുന്നുവെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കിയത്. പുതിയ വിവാദത്തിന്‍റെ പേരില്‍ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കുമെന്നും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്നും വാട്സാപ്പ് വിശദീകരണത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല