സ്വന്തം ലേഖകൻ: വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നല്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോണ്‍ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡുകളുടെയും അതില്‍ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നല്‍. 2014 ലാണ് സിഗ്നല്‍ പ്രവര്‍ത്തനമാരംഭിച്ചത്.
വാട്സാപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്സി മര്‍ലിന്‍സ്പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് സിഗ്നലിന് വേണ്ടി സിഗ്നല്‍ ഫൗണ്ടേഷന് എന്നൊരു ലാഭേതര സംഘടനയ്ക്ക് തുടക്കമിട്ടത്. വാട്സാപ്പ്, ടെലഗ്രാം പോലെ ഇന്റര്‍നെറ്റ് വഴി രണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗ്രൂപ്പുകള്‍ തമ്മിലും ആശയവിനിമയം നടത്താന്‍ ഈ ആപ്പിലൂടെ സാധിക്കും. വോയ്സ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ്, ഐഓഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്.
വാട്സാപ്പിലെ പോലെ തന്നെ ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍, ജിഫുകള്‍ പോലുള്ളവ കൈമാറാനുള്ള സൗകര്യം സിഗ്നലിലും ഉണ്ട്. ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ഈ സേവനത്തില്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സംരക്ഷണവുമുണ്ട്. സുരക്ഷിതമായി എസ്എംഎസ് അയക്കാനും ഉപയോഗിക്കാം
ഇത് കൂടാതെ ഫോണിലെ ഡിഫോള്‍ട്ട് എസ്എംഎസ് എംഎംഎസ് ആപ്ലിക്കേഷനായും സിഗ്നലിനെ ഉപയോഗിക്കാം. ഇതുവഴി എസ്എംഎസ് സന്ദേശങ്ങളും എന്‍ക്രിപ്റ്റഡ് ആയി അയ്ക്കാനാവും. അതിന് മറുഭാഗത്തുള്ളവരും സിഗ്നല്‍ എസ്എംഎസുകള്‍ക്ക് വേണ്ടി ഉപയോഗിക്കണം എന്നുമാത്രം.
മൊബൈല്‍ നമ്പര്‍ മാത്രമല്ല, ലാന്റ് ലൈന്‍ നമ്പര്‍, വോയ്സ് ഓവര്‍ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാന്‍ സിഗ്നലില്‍ സാധിക്കും. ഒരു നമ്പര്‍ ഉപയോഗിച്ച് ഒരു ഫോണില്‍ മാത്രമാണ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുക. ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഉക്രേനിയന്‍, ഉറുദു, വിയറ്റ്നാമീസ് ഭാഷകള്‍ സിഗ്നലില്‍ ഇപ്പോള്‍ ലഭ്യമാണ്.
മറ്റ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗജന്യമായ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിഗ്നല്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതാണ് സിഗ്നല്‍ ആപ്പിന് മേല്‍ ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നത്. ആപ്പിന്റെ ഓപ്പണ്‍സോഴ്സ് കോഡ് ആര്‍ക്കും പരിശോധിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല