1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2012

കൗണ്ടി ക്രിക്കറ്റ് മത്സരത്തിനിടെ സ്പോട്ട് ഫിക്സിങ്ങില്‍ ഏര്‍പ്പെട്ട മുന്‍ എക്സസ് താരം മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡിനെ ലണ്ടന്‍ കോടതി നാലുമാസം തടവിനു ശിക്ഷിച്ചു. വാതുവയ്പ്പുകാര്‍ക്കുവേണ്ടി ഒത്തുകളിച്ചെന്നു വെസ്റ്റ്ഫീല്‍ഡ് കുറ്റസമ്മതം നടത്തിയിരുന്നു. ഒത്തുകളിക്കു ശിക്ഷിക്കപ്പെടുന്ന ആദ്യ ഇംഗ്ലിഷ് താരമാണ് വെസ്റ്റ്ഫീല്‍ഡ്.

സാമ്പത്തിക നേട്ടത്തിനു വേണ്ടി വിശ്വാസ വഞ്ചന കാട്ടിയ വെസ്റ്റ്ഫീല്‍ഡ് സഹതാരങ്ങളെയും തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചെന്നു കോടതി വിലയിരുത്തി. തെറ്റിന്‍റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നതിനൊപ്പം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണു വിധിയിലൂടെ നല്‍കുന്നതെന്നും കോടതി.

2009ലെ പ്രോ40 ചാംപ്യന്‍ഷിപ്പിനിടെയാണു വെസ്റ്റ്ഫീല്‍ഡിനെ കുടുക്കിയ സ്പോട്ട് ഫിക്സിങ്. ഒരു ഓവറില്‍ 12 റണ്‍സ് വഴങ്ങുന്നതിനു വെസ്റ്റ്ഫീല്‍ഡ് വാതുവയ്പ്പുകാരില്‍ നിന്ന് 60,000 ഡോളര്‍ കൈപ്പറ്റുകയായിരുന്നു. മത്സരത്തിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷം വെസ്റ്റ്ഫീല്‍ഡിന്‍റെ റൂമിലെത്തിയ സഹതാരം ടോണി പല്ലാഡിനോ 50 ഡോളറിന്‍റെ നോട്ടുകെട്ടുകള്‍ കണ്ടതോടെയാണു കള്ളി വെളിച്ചത്തായത്.

ഇത്രയും തുക ഒരുമിച്ചു കാണുന്നതു ജീവിതത്തില്‍ ആദ്യമാണെന്നു പല്ലാഡിനോ പിന്നിടു വെളിപ്പെടുത്തി. ഒത്തുകളിയുടെ പേരില്‍ 2010ല്‍ വെസ്റ്റ്ഫീല്‍ഡിനെയും പാക്കിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയയെയും അറസ്റ്റുചെയ്തു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കനേരിയക്കെതിരേ കേസെടുത്തില്ല. തന്നെ ഒത്തുകളിക്കു പ്രേരിപ്പിച്ചതു കനേരിയയാണെന്നു വെസ്റ്റ്ഫീല്‍ഡ് വിചാരണക്കിടെ മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പാക് താരത്തിനെതിരേ ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.