സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായി മരുമകന്‍, ട്രംപ് ബന്ധു നിയമന വിവാദത്തില്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തന്റെ മുഖ്യ ഉപദേശകരില്‍ ഒരാളായി മകള്‍ ഇവാന്‍ക ട്രംപിന്റെ ഭര്‍ത്താവ് ജെര്‍ഡ് കുഷ്‌നെറെ നിയമിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ആഭ്യന്തര, വിദേശ നയങ്ങളില്‍ ട്രംപിനെ ഉപദേശിക്കുന്ന ചുമതലയാണ് 35 കാരനായ ജെര്‍ഡ് കുഷ്‌നെറെ ഏല്‍പ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജെര്‍ഡ വഹിച്ച പങ്കാണ് ട്രംപിനെ ഇത്തരമൊരു നിയമനത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
വ്യവസായിയും വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനുമാണ് കുഷ്‌നെര്‍. ‘അമൂല്യമായ സമ്പത്താണ്’ ജെര്‍ഡ് എന്നും നിര്‍ണായ പദവിയില്‍ അദ്ദേഹത്തെ നിയമിച്ചതില്‍ അഭിമാനമുണ്ടെന്നുമാണ് ട്രംപ് നിയമന വിവാദത്തോട് പ്രതികരിച്ചത്. അതേസമയം, നിയമനത്തെ എതിര്‍ത്ത് ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വജനപക്ഷപാതമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. എന്നാല്‍ വൈറ്റ് ഹൗസിലെ പദവികളില്‍ ബന്ധുക്കളെ നിയമിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് ട്രംപിന്റെ വക്താവിന്റെ വിശദീകരണം.
യു.എസില്‍ നിലവിലുള്ള ഫെഡറല്‍ എത്തിക്‌സ് നിയമമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റേതെങ്കിലും ബിസിനസില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കുന്നവര്‍ ആകരുതെന്നാണ്. എന്നാല്‍ വൈറ്റ് ഹൗസിലെ ജോലി ഏറ്റെടുക്കും മുന്‍പ് ജെര്‍ഡ് തന്റെ കുടുംബ ബിസിനസ് ഉപേക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം.
ജനുവരി 20 നാണ് ട്രംപ് അമേരിക്കയുടെ 45 മത് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല