സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികൾ പരിപാടിയിൽ പങ്കെടുത്തു. “നമ്മൾ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന നിരവധി സംഭവങ്ങൾ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മൾ ഓർമിക്കണം.”- കമല ഹാരിസ് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്.
ഇന്ത്യൻ ശൈലിയിലുള്ള അലങ്കാരങ്ങളും വർണ്ണപ്പകിട്ടും ആഘോഷങ്ങളുടെ പ്രത്യേകതയായി. ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് പല അതിഥികളും എത്തിയത്. ഭക്ഷണത്തിൽ സമൂസ, മലൈ ഐസ് ക്രീം, ഭേൽ, മസാല ചായ എന്നിവയൊക്കെ ഉണ്ടായിരുന്നു.
ഇന്ത്യൻ, ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റികളിലെ സ്വാധീനമുള്ള നിരവധി വ്യക്തികൾ വളരെ ആവേശത്തോടെ വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടി. വർണ്ണാഭമായ അലങ്കാരങ്ങൾ, വിഭവസമൃദ്ധമായ വിഭവങ്ങൾ, പരമ്പരാഗത സംഗീതം എന്നിവയോടുകൂടിയ ഒരു മഹത്തായ ആഘോഷമായിരുന്നു. ഹാരിസിന്റെ ഓഫീസിന്റെ ഗേറ്റിന് പുറത്ത്, വിളക്കുകൾ കൊണ്ട് അലങ്കരിച്ച വർണ്ണാഭമായ രംഗോലിയും ചിത്രങ്ങളിൽ കാണാം.
വേൾഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗാ, നെറ്ഫ്ലിക്സ് ചീഫ് കണ്ടെന്റ്റ് ഓഫിസർ ബേല ബജാറിയ, യുഎസ് ഹൗസ് അംഗങ്ങളായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, റോ ഖന്ന, തനേദാർ, മിസ് യുഎസ്എ നീന ദവാളൂരി, എ ബി സി ന്യൂസ് ആങ്കർ സോഹ്‌റീൻ ഷാ, അമേരിക്കൻ നടിയും എഴുത്തുകാരിയുമായ ശീതൾ ശേത് തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല