സ്വന്തം ലേഖകന്‍: എഡ്വേര്‍ഡ് സ്‌നോഡന്‍ തങ്ങളുടെ കണ്ണിലെ കരടാണെന്ന് അമേരിക്ക, യുഎസ് ജനതയുടെ സുരക്ഷക്ക് വെല്ലുവിളിയെന്ന് വൈറ്റ് ഹൗസ്. രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ ഒരാളായി മാത്രം സ്‌നോഡനെ കാണാനാകില്ലെന്ന് വെളിപ്പെടുത്തുന്ന ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതിലൂടെ അദ്ദേഹം അമേരിക്കന്‍ ജനതയുടെ ജീവനും സ്വത്തിനും കോട്ടം തട്ടിച്ചുവെന്നും ആരോപിക്കുന്നു.
സ്‌നോഡന്‍ രേഖകള്‍ പുറത്ത് വിടുക വഴി അമേരിക്കന്‍ സുരക്ഷക്ക് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഇത് തീവ്രവാദികള്‍ക്കും ശ്ത്രുരാജ്യങ്ങള്‍ക്കും ഒരു പോലെ പ്രയോജനപ്പെടാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് രേഖകളില്‍ പറയുന്നു. സ്‌നോഡന്‍ അവകാശപ്പെടുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളൊന്നും നടന്നിട്ടില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
36 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ നാല് പേജുള്ള സംക്ഷിപ്ത രൂപം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. അതീവ രഹസ്യ സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്ത സ്‌നോഡന്‍ അമേരിക്കയില്‍ മടങ്ങിവന്ന് നിയമ നടപടികള്‍ നേരിടണമെന്നും വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിക്കുന്നതിനു മുന്‍പ് ഒബാമ സ്‌നോഡന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ചില മനുഷ്യാവകാശസംഘടനകള്‍ രംഗത്തെത്തിയിരുന്നു.
സ്‌നോഡന് ഒബാമ മാപ്പ് നല്‍കില്ലെന്നും രഹസ്യ രേഖകള്‍ അനധികൃതമായി കൈമാറിയ കേസില്‍ കുറഞ്ഞത് മുപ്പത് വര്‍ഷത്തെ ജയില്‍ശിക്ഷയെങ്കിലും സ്‌നോഡന്‍ നേരിടേണ്ടി വരുമെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആയിരക്കണക്കിന് രഹസ്യ രേഖകള്‍ പത്രപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിക്കൊടുത്തതിനെ തുടര്‍ന്ന് അമേരിക്കയുടെ നോട്ടപ്പുള്ളിയായ സ്‌നോഡന്‍ ഇപ്പോള്‍ റഷ്യയിലെ ഏതോ രഹസ്യകേന്ദ്രത്തില്‍ ഒളിവു ജീവിതത്തിലാണെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല