1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് നിരക്കിൽ ആശ്വാസം പകരുന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ആശ്വസിക്കാനായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ ഒരു മാസത്തോളം കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞ ശേഷം വീണ്ടും രോഗബാധ ഉയർന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ നൽകുന്ന മുന്നറിയിപ്പ്. ഇപ്പോൾ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേശസ് പറഞ്ഞു.

ആഗോളതലത്തില്‍ ടെസ്റ്റ് നിരക്ക് പാടെ കുറഞ്ഞപ്പോഴും രോഗബാധ ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ സൂചിപ്പിക്കുന്നു. ചൈനയടക്കം വിവിധ ഏഷ്യൻ രാജ്യങ്ങളിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതീവ വ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദവും ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദവുമാണ് കോവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം പൊതുസാമൂഹിക-ആരോഗ്യ ജാഗ്രതാ മുൻകരുതലുകളിൽ ഇളവ് പ്രഖ്യാപിച്ചതും മറ്റൊരു കാരണമായി പറയുന്നു.

ചില രാജ്യങ്ങളിൽ ടെസ്റ്റ് നിരക്ക് കുറയുമ്പോഴാണ് കോവിഡ് കേസുകളിൽ ഇപ്പോൾ വർധന റിപ്പോർട്ട് ചെയ്യുന്നതെന്ന് ടെഡ്രോസ് അദാനോം പറഞ്ഞു. അതിനർത്ഥം മഞ്ഞുമലയുടെ അറ്റം മാത്രമാണ് നമ്മൾ ഇപ്പോൾ കാണുന്നതെന്നും വൈറസ് വ്യാപനത്തിനെതിരെ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ആഗോളതലത്തിൽ പുതിയ കോവിഡ് വ്യാപനനിരക്ക് എട്ട് ശതമാനമാണ് വർധിച്ചിരിക്കുന്നത്. മാർച്ച് ഏഴിനും 13നും ഇടയിൽ 1.1 കോടി കോവിഡ് കേസുകളും 43,000ത്തോളം കോവിഡ് മരണവുമാണ് അന്താരാഷ്ട്രതലത്തിൽ റിപ്പോർട്ട് ചെയ്തത്.

ദക്ഷിണ കൊറിയ, ചൈന അടങ്ങുന്ന ഭാഗത്താണ് കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. ഇവിടെ കോവിഡ് കേസുകളിൽ 25 ശതമാനവും മരണത്തിൽ 27 ശതമാനവും വർധനയുണ്ടായി. ആഫ്രിക്കയിൽ യഥാക്രമം 12, 14 ശതമാനം കോവിഡ് കേസിലും മരണത്തിലും റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ കോവിഡ് കേസിൽ രണ്ടു ശതമാനം മാത്രമാണ് വർധനയുണ്ടായത്. മരണനിരക്ക് മാറ്റമില്ലാതെ തുടരുകയുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.