സ്വന്തം ലേഖകന്‍: അല്ല! ശരിക്കും ആരാണ് കുഞ്ഞാലി മരയ്ക്കാര്‍? മമ്മൂട്ടിയോ മോഹന്‍ലാലോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമയൊരുങ്ങുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശനാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലിമരക്കാര്‍ ചെയ്യുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാരില്ല, മലയാളത്തില്‍ ഒരു കുഞ്ഞാലിമരക്കാര്‍ മതിയെന്നു പറഞ്ഞ് പ്രിയദര്‍ശന്‍ പിന്മാറുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നു.
എന്നാല്‍ അതിനു പുറകെ താന്‍ പിന്മാറിയിട്ടില്ലെന്നും മമ്മൂട്ടിക്ക് എട്ടുമാസം സമയം നല്‍കുന്നുവെന്നും അതിനുള്ളില്‍ സിനിമ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ താന്‍ സിനിമ തുടങ്ങുമെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. ‘മൂന്നു വര്‍ഷം മുന്‍പ് അവര്‍ ഈ ചിത്രം ചെയ്യുന്നുവെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ ചെയ്തില്ല. ഇത്തവണ ഞാന്‍ ആറോ എട്ടോ മാസമേ കാത്തിരിക്കൂ. ഇനിയും അവര്‍ വൈകിപ്പിക്കുകയാണെങ്കില്‍ എന്റെ ചിത്രവുമായി ഞാന്‍ മുന്നോട്ടു പോകും.
‘അതല്ല അവര്‍ കുഞ്ഞാലിമരയ്ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ എന്റെ പ്രോജക്ട് ഉപേക്ഷിക്കാന്‍ ഞാന്‍ തയാറാണ്. ഇത്തരം കാര്യങ്ങളില്‍ അനാവശ്യ മല്‍സരങ്ങളുടെ ആവശ്യമില്ല,’ പ്രിയദര്‍ശന്‍ പറഞ്ഞു. നാലു കുഞ്ഞാലി മരയ്ക്കാര്‍മാരെക്കുറിച്ചാണ് ചരിത്രത്തില്‍ പറയുന്നത്. ഇതില്‍ നാലാമന്റെ ജീവിതമാണ് മോഹന്‍ലാലിനെ നായകനാക്കി താന്‍ വെളളിത്തിരയിലെത്തിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇന്നു പുലര്‍ച്ചെയാണ് ഗായകന്‍ എം.ജി.ശ്രീകുമാര്‍ ഇതു സംബന്ധിച്ച് മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുന്നത്. പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ചിത്രം ഉടന്‍ ആരംഭിക്കുന്നുവെന്നും എംജി എഴുതി. ഇതിനു തൊട്ടുപുറകെ മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ നിര്‍മ്മാതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും വന്നു. മമ്മൂട്ടിയും സന്തോഷ് ശിവനും, ശങ്കര്‍ രാമകൃഷ്ണനുമെല്ലാം ഒരുമിച്ചുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുവെന്നും ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ഷാജി നടേശന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല