ഡാനിക ഫിലിപ്പീന്‍സില്‍ പിറന്നു, നര്‍ഗിസ് ഇന്ത്യയില്‍ പിറന്നു, അലക്സാണ്ടര്‍ റഷ്യയില്‍. സത്യത്തില്‍ ഇവര്‍ പിറന്നതല്ല, ഇവരില്‍ ആരാണ് ആദ്യം പിറന്നത് എന്നതാണ് ഇപ്പോഴുള്ള പ്രശ്നം. 2011 ഒക്റ്റോബര്‍ 31ന് ലോക ജനസംഖ്യ എഴുനൂറു കോടിയാവും എന്ന് ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതോടെ ഇന്നലത്തെ പിറവികളെക്കുറിച്ച് എല്ലാവര്‍ക്കും കൗതുകമായിരുന്നു. ആര്‍ക്കും കൃത്യമായി കണ്ടെത്താനാവില്ല ഭൂമിയിലെ സെവന്‍ത്ത് ബില്യന്‍ ബേബി ആരാണെന്ന്. ആദ്യമൊക്കെ പത്രങ്ങളും മറ്റു മീഡിയകളും ഡാനികയെ ഈ പഥവില്‍ പ്രതിഷ്ടിച്ചു, ദേ അപ്പോള്‍ പുറകെ വരുന്നു അവകാശവാദവുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും കുട്ടികളുമായി മാതാപിതാക്കള്‍! ഇതില്‍ രണ്ടു കുഞ്ഞുങ്ങളുടെ കാര്യമാണ് പ്രധാനമായും പറയുന്നത്. അവര്‍ രണ്ടു പേരും പെണ്‍കുഞ്ഞുങ്ങള്‍, ഡാനിക മെ കമാച്ചോയും നര്‍ഗിസും. റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ അലക്സാണ്ടര്‍ എന്ന ആണ്‍പിറവിയും സംശയത്തിന് ഇട നല്‍കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ ലക്നോവിനടുത്തുള്ള മാല്‍ എന്ന സ്ഥലത്തെ പ്രാദേശിക കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ഇന്നലെ രാവിലെയാണ് നര്‍ഗിസ് പിറന്നത്, വനിതയുടേയും അജയന്‍റേയും മകളായി. നര്‍ഗിസിന്‍റെ പിറവിയെ വരവേല്‍ക്കാന്‍ പാല്‍ ഇന്ത്യ എന്ന എന്‍ജിഒ പ്രത്യേക പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരുന്നു. പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത് വലിയ ആപത്താണ് എന്നു കരുതുന്ന സമൂഹത്തിന് നര്‍ഗിസിന്‍റെ പിറവി ഒരു പാഠമാണെന്നു സംഘടനയുടെ വക്താവ് പറയുന്നു. ഡഫോഡി ല്‍ പുഷ്പം എന്ന് അര്‍ഥം വരുന്ന വാക്കാണ് നര്‍ഗിസ്. പെണ്‍കുഞ്ഞു പിറന്ന് അധികം വൈകാതെ ആശുപത്രിയില്‍ വച്ചു തന്നെ പേരിടല്‍ ചടങ്ങും നടത്തി: നര്‍ഗിസ്.
ഫിലിപ്പീന്‍സിന്‍റെ തലസ്ഥാനമായ മനിലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജോസ് ഫാബെല്ല ആശുപത്രിയിലാണ് ഡാനികയുടെ പിറവി. അമ്മ കാമില്ലയ്ക്കും അച്ഛന്‍ ഫ്ളോറന്‍റിനും മാത്രമല്ല, ഡാനിക ഇപ്പോള്‍ ഫിലിപ്പീന്‍സിനാകെ ഓമനയാണ്. ആശുപത്രിയില്‍ പ്രത്യേക ആഘോഷം സംഘടിപ്പിച്ചിരുന്നു. എഴുനൂറു കോടി ജനനത്തില്‍ ഒരാള്‍ എന്ന് ഡാനികയെ അംഗീകരിച്ചതോടെ മാധ്യമപ്രവര്‍ത്തകരുടെ തിരക്കായി ആശുപത്രിയില്‍. സെവന്‍ ബില്ല്യണ്‍ ഫിലിപ്പീന്‍സ് എന്നെഴുതിയ കേക്കുമായി എത്തി ഫ്ളോറന്‍റ്. ഫിലിപ്പീന്‍സിനു മറ്റൊരു ആഹ്ലാദം കൂടിയുണ്ട്. ലോക ജനസംഖ്യയെ അറുനൂറു കോടിയാക്കിയ പിറവി എന്ന് 1999ല്‍ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ലോറിസ് മായെ ഗുവാരയും ഫിലിപ്പീന്‍സില്‍ നിന്നായിരുന്നു. ലോറിസിനിപ്പോള്‍ പന്ത്രണ്ടു വയസായിരിക്കുന്നു.
റഷ്യയില്‍ നിന്നു രണ്ടു കുഞ്ഞുങ്ങളുടെ കാര്യമാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. പെട്രോപിപോവ്സ്ക് എന്ന നഗരത്തിലെ ആശുപത്രിയില്‍ പിറന്ന അലക്സാണ്ടര്‍ എന്ന കുഞ്ഞാണ് സെവന്‍ ബില്യണ്‍ ബേബി എന്ന് റഷ്യന്‍ പ്രസിഡന്‍റിന്‍റെ പ്രതിനിധിയുടെ ഓഫിസില്‍ നിന്നു പ്രഖ്യാപനം വന്നു. എന്നാല്‍ കലിനിന്‍ഗ്രാഡ് എന്ന പട്ടണത്തില്‍ നിന്ന് പീറ്റര്‍ എന്ന് മറ്റൊരു കുഞ്ഞിന്‍റെ പിറവിയും ഈ അവകാശം ഉന്നയിക്കുന്നു.
സെവന്‍ ബില്യണ്‍ ബേബി എന്ന വിശേഷണം കിട്ടാന്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഇന്നു വന്നേക്കാം. ഡാനികയോ നര്‍ഗിസോ അലക്സാണ്ടറോ പീറ്ററോ ആരുമാവട്ടെ…ഇന്നലെ വൈകുന്നേരത്തോടെ തുര്‍ക്കിയില്‍ നിന്ന് വന്ന റിപ്പോര്‍ട്ട് ഇവരൊന്നുമല്ല, ഏഥന്‍സിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിറന്ന ജോര്‍ജ് ഡോയിക്കാസ് എന്ന ആണ്‍കുട്ടിയാണെന്നാണ്. ഈ ഭൂമിയിലെ എഴുനൂറു കോടി പിറവിയുടെ പ്രതീകാത്മക വിശേഷണങ്ങളാണ് എല്ലാം. എന്നാല്‍ ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞതാണ് കാര്യം, സെവന്‍ ബില്യണ്‍ ബേബി അത് ആരുമാകട്ടെ, എവിടെയും പിറക്കട്ടെ. ആ ജീവിതം ഈ ഭൂമിയില്‍ സുഖകരമാകട്ടെ എന്നാണ് പ്രാര്‍ഥിക്കേണ്ടത്. അതിനാണു ശ്രമിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല