സ്വന്തം ലേഖകന്‍: എട്ടാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സുപ്രധാന മാറ്റങ്ങളുമായി വാട്‌സാപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. സ്റ്റാറ്റസ് അപ്‌ഡേഷനില്‍ വന്ന മാറ്റമാണ് ഇതില്‍ പ്രധാനം. ഇന്‍സ്റ്റാഗ്രാമിലെ ‘യുവര്‍ സ്റ്റോറി’ മാതൃകയില്‍ ‘മൈ സ്റ്റാറ്റസ്’ ഫീച്ചറാണ് വാട്‌സാപ്പില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്ടാക്റ്റ് ലിസ്റ്റും പ്രൊഫൈലും നോക്കുമ്പോള്‍ മാത്രം മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമായിരുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് കൂടുതല്‍ സുഹൃത്തുക്കളിലേക്ക് എത്തിക്കാന്‍ ഈ പുതിയ ഫീച്ചറിന് സാധിക്കും.
ചിത്രവും വീഡിയോയും ജിഫ് ഫയലുകളും പങ്കുവെക്കാവുന്ന വിധത്തിലാണ് പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. ഒന്നും ശ്രദ്ധിക്കാതെ ഇതില്‍ നമ്മുടെ ചിത്രമോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ സ്വാഭാവികമായും അത് നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരിലേക്കെല്ലാം എത്തും. എന്നാല്‍ ഫോണിലുള്ള എല്ലാ കോണ്‍ടാക്റ്റുകളും വാട്‌സ്ആപ്പിലെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ വരുമെന്നതിനാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും നമ്മള്‍ കാണരുത് എന്ന് ആഗ്രഹിക്കുന്നവരിലേക്കും എത്താനുള്ള സാധ്യത വളരെയധികമാണ്.
നമ്മള്‍ അയക്കുന്ന സ്റ്റാറ്റസ് ആരെല്ലാം കാണണം എന്ന് നിര്‍ദ്ദേശിക്കുന്ന സ്റ്റാറ്റസ് വിന്‍ഡോയുടെ വലത് ഭാഗത്ത് മുകളിലായുള്ള മെനുവിലെ സ്റ്റാറ്റസ് പ്രൈവസി സെറ്റിങ്‌സ് മാറ്റുകയാണ് ഇതിനുള്ള പരിഹാരം. ഇതില്‍ നിന്നും നിങ്ങളുടെ സ്റ്റാറ്റസ് ഓഡിയന്‍സിനെ നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും. നിങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഇത് സഹായകമാവും. മറ്റൊന്ന് നമ്മള്‍ പങ്കുവെക്കുന്ന ഒരോ സ്റ്റാറ്റസിനും 24 മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളൂ എന്നതാണ്.
സുരക്ഷിതമായി ഉപയോഗിക്കാം സാധിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാട്‌സാപ്പ് അറിയിച്ചു. സ്റ്റാറ്റസിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് സുരക്ഷ ഉണ്ടായിരിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് തുടങ്ങി എല്ലാ ഡിവൈസുകളിലും ഈ ഫീച്ചര്‍ ലഭിക്കും. എന്നാല്‍ ബ്ലാക്ക്‌ബെറി, നോക്കിയ ഹാന്‍ഡ്‌സെറ്റുകളില്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റ്‌സ്, കോള്‍സ് ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വരും. സ്റ്റാറ്റസ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, നിലവിലെ ഫോട്ടോ തിരഞ്ഞെടുക്കാനും പുതിയത് എടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനും അവസരമുണ്ടാക്കും. ഫോണുകളിലെ രണ്ടു ക്യാമറകളും ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം, സ്റ്റാറ്റസ് ലൈവായ സമയവും എത്ര പേര്‍ കണ്ടുവെന്ന വിവരവും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല