സ്വന്തം ലേഖകന്‍: വാട്‌സാപ് കോളിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമിതി. വാട്‌സാപ്, സ്‌കൈപ്, വൈബര്‍ എന്നീ കമ്പനികളുടെ കോള്‍ സേവനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഇന്റര്‍നെറ്റ് സമത്വം സംബന്ധിച്ചു പഠനം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ. ടെലികോം സേവന ദാതാക്കളുടെ ഫോണ്‍കോള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കു തുല്യമായ നിലയില്‍, ഇന്ത്യക്കുള്ളിലെ ഇന്റര്‍നെറ്റ് ഫോണ്‍കോള്‍ (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍) നിയന്ത്രിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതാനും വെബ്‌സൈറ്റുകള്‍ ഉപയോക്താക്കള്‍ക്കു ഡേറ്റ നിരക്ക് ഈടാക്കാതെ ലഭ്യമാക്കുന്ന ‘ഇന്റര്‍നെറ്റ്. ഓര്‍ഗ്’ പോലുള്ള പദ്ധതികളെ എതിര്‍ത്ത സമിതി, എയര്‍ടെലിന്റെ സമാന പദ്ധതിയായ എയര്‍ടെല്‍ സീറോയോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) യുടെ അനുമതിയോടെ ടെലികോം സേവന ദാതാക്കള്‍ക്ക് അത്തരം പദ്ധതികള്‍ നടത്താമെന്നാണ് നിലപാട്.
നെറ്റ് സമത്വം ഉറപ്പാക്കണമെന്ന പൊതു നിര്‍ദേശമാണ് സമിതി മുന്നോട്ടു വയ്ക്കുന്നതെങ്കിലും നിര്‍ദേശങ്ങളില്‍ സമഗ്രതയും വ്യക്തതയും കുറവാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ പൊതുജനങ്ങള്‍ക്ക് സമിതിയെ അഭിപ്രായം അറിയിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല