സ്വന്തം ലേഖകന്‍: വിനായകന് എന്തുകൊണ്ട് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചില്ല? കാരണം വ്യക്തമാക്കി പ്രിയദര്‍ശന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയതിനു പുറമേ ദേശീയ ചലച്ചിത്ര തലത്തിലും വിനായകന് അവാര്‍ഡ് ലഭിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അക്ഷയ് കുമാര്‍ മികച്ച നടനായി. ഒപ്പം മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശവും.
പക്ഷേ വിനായകന് ഒന്നും ഉണ്ടായില്ല. ഇപ്പോഴിതാ അതിനുളള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജൂറി ചെര്‍മാനായ പ്രിയദര്‍ശന്‍. സഹനടന്റെ പട്ടികയില്‍ വിനായകന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ മനോജ് ജോഷിയുടെ പ്രകടനത്തിനാണ് കൂടുതല്‍ വോട്ട് കിട്ടിയത്. അവസാനറൗണ്ടില്‍ തൊട്ടടുത്ത് വരെ വിനായകന്‍ എത്തി, പ്രിയദര്‍ശന്‍ ഒരു ചാനലിനോട് പറഞ്ഞു.
മികച്ച നടന്മാരില്‍ അവസാന മൂന്നുപേരില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നു. തെലുങ്കിലും മലയാളത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ഒരേ ഒരു നടന്‍ മോഹന്‍ലാല്‍ ആയിരുന്നു. തെലുങ്കിലും മലയാളത്തിലുമുള്ള മോഹന്‍ലാലിന്റെ പ്രകടനം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.
എന്നാല്‍ അലിഗഡ് എന്ന ചിത്രത്തിലെ മനോജ് ബാജ്‌പേയിയുടേയും കമ്മട്ടിപ്പാടത്തിലെ വിനായകന്റേയും ദംഗലിലെ ആമീര്‍ ഖാന്റേയും പ്രകടനത്തെ തഴഞ്ഞ് അക്ഷയിന് മികച്ച നടനുള്ള പുരസ്‌ക്കാരം നല്‍കിയത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല