നികുതി ഒരു രാജ്യത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്നാണ്. എല്ലാ പൗരന്മാരും നികുതി അടയ്ക്കേണ്ടത് അത്യാവശ്യമാണുതാനും. നികുതി അടച്ചില്ലെങ്കില്‍ പണികിട്ടുമെന്ന കാര്യത്തില്‍ സംശയമില്ലതാനും. എന്നാല്‍ ഒരു പൗരന്റെ പണി നികുതി അടക്കുന്നത് മാത്രമായാല്‍ എന്തുചെയ്യും. അതാണിപ്പോള്‍ ബ്രിട്ടണില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടണില്‍ കുടുംബങ്ങള്‍ അമ്പത്തിയഞ്ച് വര്‍ഷത്തിനിടയില്‍ അടയ്ക്കുന്ന നികുതിയുടെ കണക്ക് കേട്ടാല്‍ ഒരു ഞെട്ടാന്‍ സാധ്യതയുണ്ട്. ഒരു കുടുംബം സര്‍ക്കാരിന് നികുതിയിനത്തില്‍ നല്‍കുന്നത് 656,000 പൗണ്ടാണ്.
അതായത് ഒരിടത്തരം കുടുംബം സമ്പാദിക്കുന്ന മൊത്തം പണത്തിന്റെ മൂന്നില്‍ രണ്ടും നികുതിയായി അടയ്ക്കുകയാണ് ചെയ്യുന്നത്. അമ്പത്തിയഞ്ച് വര്‍ഷത്തെ ബ്രിട്ടീഷ് പൗരന്റെ ജീവിതം നികുതി അടച്ച് തീര്‍ക്കേണ്ടിവരുന്നു. 250,000 പൗണ്ട് വരുമാന നികുതിയുടെ പേരിലും 101,000 പൗണ്ട് വാറ്റിന്റെ പേരിലുമാണ് അടയ്ക്കേണ്ടിവരുന്നത്. ബാക്കിയുള്ള നികുതികളും ഉള്‍പ്പെടെയാണ് ഇത്രയും നികുതിയായി അടക്കേണ്ടിവരുന്നത്.
ഇത് അത്ഭുതപ്പെടുത്തുന്ന കണക്കാണെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയവര്‍ പറയുന്നത്. ഒരിക്കലും ഇത്രയും വലിയ തുക നികുതിയായി അടക്കുന്നുണ്ടെന്ന് ബ്രിട്ടണിലെ സാധാരണ കുടുംബങ്ങള്‍ ഓര്‍ക്കുന്നുണ്ടാവില്ലെന്നും പഠനസംഘം വെളിപ്പെടുത്തി. വാറ്റിന്റെ വര്‍ദ്ധനവാണ് പ്രശ്നങ്ങളെ ഇത്രയും രൂക്ഷമാക്കിയതെന്നാണ് പഠനസംഘം വെളിപ്പെടുത്തുന്നത്. കൂടാതെ യൂറോപ്പിനെ ബാധിച്ച സാമ്പത്തികമാന്ദ്യം ബ്രിട്ടനേയും ബാധിച്ചു. ഇതുമൂലം ബ്രിട്ടണിലെ നികുതികളും വര്‍ദ്ധിച്ചു. ഇതെല്ലാം കുടുംബങ്ങളില്‍ ഏല്‍പ്പിച്ച ആഘാതം വളരെ രൂക്ഷമാണ്.
ഒരു കുടുംബം ശരാശരി 14,476 പൗണ്ട് നികുതിയിനത്തില്‍ അടയ്ക്കുന്നുണ്ട്. നാല്‍പത് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 579,040 പൗണ്ടാണ് ഇങ്ങനെ നികുതിയായി അടയ്ക്കേണ്ടിവരുന്നത്. റിട്ടയര്‍മെന്റില്‍ വര്‍ഷം 5,125 പൗണ്ട് നികുതിയായി അടയ്ക്കേണ്ടിവരും. ഇങ്ങനെ പതിനഞ്ച് വര്‍ഷം അടയ്ക്കുമ്പോള്‍ 76,875 പൗണ്ട് വരും. അങ്ങനെ നോക്കിയാല്‍ ഏതാണ്ട് 655,915 പൗണ്ടാണ് ആകെ നികുതിയിനത്തില്‍ അടയ്ക്കേണ്ടിവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല