സ്വന്തം ലേഖകൻ: ആഭ്യന്തരസംഘര്‍ഷം നടക്കുന്ന സുഡാനില്‍ വെടിയേറ്റ് മരിച്ച രയരോം കാക്കടവ് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ (50) ഭാര്യയും മകളും കേരളത്തില്‍ തിരിച്ചെത്തി. രാവിലെ പത്ത് മണിയോടെയാണ് ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും കൊച്ചിയില്‍ വിമാനമിറങ്ങിയത്.
സുഡാനില്‍ സുരക്ഷാസേനയിലെ ഭക്ഷ്യസുരക്ഷയുടെ ചുമതലയുള്ള കരാര്‍ ജീവനക്കാരനാണ് ആല്‍ബര്‍ട്ട്. ഈ മാസം 16-നാണ് സുഡാനില്‍ സൈനികരും അര്‍ധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആല്‍ബര്‍ട്ട് വീട്ടില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ആറു മാസം മുന്‍പാണ് ആല്‍ബര്‍ട്ട് ജോലികിട്ടി സുഡാനിലെത്തിയത്. മകന് യു.കെ.യിലേക്ക് പോകുന്നതിനാല്‍ ഒരു മാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. കൊല്ലപ്പെടുന്നതിന്റെ 15 ദിവസം മുന്‍പാണ് ഭാര്യയും മകളും ആല്‍ബര്‍ട്ടിനൊപ്പം ഒരുമാസത്തെ വിസിറ്റിങ് വീസയില്‍ സുഡാനിലെത്തിയത്.
ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി രൂപംകൊടുത്ത ദൗത്യമായ ഓപ്പറേഷന് കാവേരിയുടെ ഭാഗമായി 1100-ഓളം പേരെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്.
സൗദി അറേബ്യയുമായി സഹകരിച്ചാണ് ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നത്. രക്ഷാദൗത്യത്തിന് ജിദ്ദയില്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരനാണ് നേതൃത്വം നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല