1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഭാര്യമാരെ കൈമാറി ഉപയോഗിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉദാഹരണമായി മുന്നി എന്ന പെണ്‍കുട്ടിയുടെ കഥ വാര്‍ത്തയില്‍ കൊടുത്തിട്ടുമുണ്ട്. ഒരു വടക്കന്‍ സംസ്ഥാനത്തെ ഗ്രാമത്തില്‍ വിവാഹം കഴിച്ചുകൊണ്ടുവന്ന മുന്നിയെ ഭര്‍ത്താവ് തന്റെ രണ്ട് സഹോദരന്മാര്‍ക്കുംകൂടി വേണ്ടി പങ്കുവെച്ചു എന്ന കഥയാണ് മാദ്ധ്യമം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹം കഴിക്കാന്‍ സാധിക്കാത്ത ഇവരുമായി രതിയിലേര്‍പ്പെടാന്‍ മാത്രമല്ല അവരുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും ഭര്‍‌ത്താവ് നിര്‍ബന്ധിച്ചെന്നും മുന്നി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബാഗ്പട്ട് ജില്ലയില്‍നിന്നാണ് മുന്നിയുടെ ജീവിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല്‍പത് വയസിനടുത്തുള്ള മുന്നിയോട് ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും സഹോദരന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. സഹോദരന്മാരുമായി കിടക്ക പങ്കിടാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവിനോടും ഭര്‍തൃമാതാപിതാക്കളോടും അറിയിച്ചതോടെ ഉപദ്രവിക്കാന്‍ തുടങ്ങിയെങ്ങും അതോടെ സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറാകുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. മുന്നിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബോധ്യമായത്.

മുന്നിയെപ്പോലെ ധാരാളം സ്ത്രീകള്‍ തങ്ങളുടെ ശരീരം മറ്റ് പലരുമായി പങ്കുവെയ്ക്കാന്‍ വിധിക്കപ്പെടുന്നുണ്ട് എന്നാണ് അന്വേഷണത്തില്‍ ബോധ്യമായതെന്ന് മാദ്ധ്യമം വെളിപ്പെടുത്തി. പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ എത്തുന്നുണ്ടത്രേ! പിന്നീട് പരാതികളെല്ലാം സ്ത്രീകള്‍തന്നെ പിന്‍വലിക്കുകയാണ് പതിവ്. ഭര്‍ത്താവിന്റെയും സ്വന്തം വീട്ടുകാരുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പല സ്ത്രീകളും തങ്ങളുടെ പരാതികള്‍ പിന്‍വലിക്കുന്നത്.

മുന്നിക്ക് ഭര്‍ത്താവില്‍നിന്നും സഹോദരന്മാരില്‍നിന്നുമായി മൂന്ന് കുട്ടികളാണ് ഉള്ളത്. ഇത്തരത്തിലാണ് ഉത്തര്‍പ്രദേശിലെ ബാഗ്പട്ട് ജില്ലയിലെ പല സ്ത്രീകളുടെയും കാര്യമെന്നാണ് സാമൂഹിക സംഘടനകളുടെ അന്വേഷണത്തില്‍നിന്നും ബോധ്യമായത്. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ സ്ത്രീകള്‍ വലിയ തോതില്‍ ലൈംഗീകാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് എന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

പെണ്‍കുഞ്ഞുങ്ങളെ അബോര്‍ഷന്‍ ചെയ്യുന്നതും മനുഷ്യകടത്തുമെല്ലാം ഗ്രാമങ്ങളില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അതുപോലെതന്നെയാണ് ഭാര്യമാരെ സഹോദരന്മാരുമായി പങ്കുവെയ്ക്കുന്ന സംഭവവുമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. ഇന്ത്യയിലെ പല വിഭാഗങ്ങളിലും പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്.

പെണ്‍കുഞ്ഞുങ്ങളെ ഭൂണഹത്യ നടത്തുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ പല വിഭാഗങ്ങളിലെ പുരുഷന്മാര്‍ക്കും വധുക്കളെ കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇങ്ങനെ ലഭിക്കുന്ന വധുവിനെ ഭര്‍ത്താവും സഹോദരന്മാരും കൂടി പങ്കിട്ട് അനുഭവിക്കുകയാണ് പതിവ്. ഇത് രൂക്ഷമായ സാമൂഹിക പ്രശ്നമാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.

സ്ത്രീകളുടെ എണ്ണത്തിലുള്ള ഈ കുറവ് ബലാല്‍സംഗം വര്‍ദ്ധിക്കുന്നതിനും തട്ടിക്കൊണ്ടുപോകുക തുടങ്ങിയ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനും കാരണമായിട്ടുണ്ടെന്ന് മാദ്ധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും ഒരേപോലെ പറയുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.