ലൈംഗിക പീഡന കേസുകളില്‍ വിചാരണ നേരിടുന്നതിനു വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസഞ്ചിനെ സ്വീഡനു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ്. കൈമാറ്റത്തിനെതിരേ അസഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തവിനെതിരേ രണ്ടാഴ്ചക്കകം സുപ്രിം കോടതിയെ സമീപിക്കുമെന്ന് അസാഞ്ചിന്‍റെ അഭിഭാഷകര്‍.
രണ്ടു ലൈംഗിക പീഡന കുറ്റങ്ങളാണു സ്വീഡിഷ് അധികൃതര്‍ അസഞ്ചിനെതിരേ ചുമത്തിയിട്ടുള്ളത്. തുടര്‍ന്ന് യൂറോപ്യന്‍ അറസ്റ്റ് വാറന്‍റും പുറപ്പെടുവിച്ചിരുന്നു. പ്രോസിക്യൂട്ടര്‍ പുറപ്പെടുവിച്ച വാറന്‍റ് നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അസാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. അസഞ്ചിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നതു ഗുരുതരമായ ലൈംഗിക പീഡന കുറ്റമാണെന്ന്, അദ്ദേഹത്തിന്‍റെ അഭിഭാഷകരുടെ വാദം കോടതി തള്ളി .
ലോകമെങ്ങുമുള്ള സര്‍ക്കാരുകളുടെ അരമന രഹസ്യങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതിലൂടെ അസഞ്ചിനെതിരേ നിരവധി രാഷ്ട്രത്തലവന്മാര്‍ രംഗത്തു വന്നിരുന്നു. സ്വീഡിഷ് അധികൃതര്‍ അദ്ദേഹത്തെ അമേരിക്കയ്ക്കു കൈമാറുമെന്ന് അസാന്‍ജെയുടെ അഭിഭാഷകര്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ രഹസ്യ രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച കുറ്റത്തിന് അമേരിക്ക അസഞ്ചിനെ വധശിക്ഷയ്ക്കോ ഗ്വാണ്ടനാമോയില്‍ തടവിനോ വിധിക്കുമെന്നാണ് അവരുടെ ഭയം.
കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായ അസഞ്ച് കര്‍ശനമായ ഉപാധികളോടെ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ദിവസവും പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പുവയ്ക്കുന്ന അസാന്‍ജെ, തന്‍റെ സഞ്ചാരപാത അറിയാന്‍ സഹായിക്കുന്ന ഇലക്ട്രിക് ടാഗ് ധരിച്ചാണു വഴി നടക്കുന്നതു പോലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല