സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്‌സ് ഉടന്‍ പുറത്തുവിടുമെന്ന് ജൂലിയന്‍ അസാന്‍ജ്. എന്നാല്‍ ട്രംപിനെയാണോ ഹില്ലരിയെയാണോ രേഖകള്‍ ദോഷകരമായി ബാധിക്കുക എന്ന കാര്യം വെളിപ്പെടുത്താന്‍ അസാന്‍ജ് വിസമ്മതിച്ചു. അടുത്ത പത്താഴ്ചത്തേക്ക് ഓരോ ആഴ്ചയും രേഖകള്‍ പുറത്തുവിടും.
നവംബര്‍ എട്ടിനാണു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വിക്കിലീക്‌സ് സ്ഥാപിച്ചിട്ടു പത്തുവര്‍ഷം തികയുന്നതു പ്രമാണിച്ച് ലണ്ടനില്‍നിന്നു വെബ്കാസ്റ്റിംഗിലൂടെ റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് പോലീസിനെ വെട്ടിച്ച് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് അസാന്‍ജ്. പുറത്തിറങ്ങിയാല്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പിടികൂടും.
ലൈംഗികാരോപണക്കേസില്‍ വിചാരണയ്ക്കായി അസാന്‍ജിനെ സ്വീഡനു കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റ് ഒഴിവാക്കാനാണ് അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. സ്വീഡനിലെത്തിയാല്‍ സ്വീഡന്‍ തന്നെ അമേരിക്കയ്ക്കു കൈമാറുമെന്നാണ് അസാന്‍ജിന്റെ ഭീതി.
അമേരിക്കക്ക് ഹാനികരമായ നിരവധി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനകം മൊത്തം ഒരുകോടി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തിയിട്ടുണ്ടെന്നാണു കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല