സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ സ്വകാര്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. ഹിലരിയുടെ സ്വകാര്യ ഇമെയിലുകളും പ്രസംഗങ്ങളുടെ പകര്‍പ്പുമാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തന്റെ എതിരാളിയായ ബേണീ സാന്‍ഡേഴ്‌സ് ഹിലരിയോട് പലതവണ പ്രസംഗം പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഹിലരിയുടെ സാമ്പത്തിക കാഴ്ചപ്പാടുകളാണ് പ്രഭാഷണങ്ങളുടെ ഉള്ളടക്കം.
ഹിലരി അമേരിക്കയുടെ സാമ്പത്തിക സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റില്‍ നടത്താനായ തയ്യാറാക്കിയ സ്വകാര്യ പ്രസംഗത്തിന്റെ കൈയെഴുത്തു പ്രതിയാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.
താന്‍ തുറന്ന അതിര്‍ത്തികളുടെയും തുറന്ന സാമ്പത്തിക നയത്തിന്റെയും പക്ഷത്താണെന്നായിരുന്നു പ്രസംഗത്തില്‍ ഹിലരി പറഞ്ഞത്. 2013 മുതല്‍ 2014 വരെയുള്ള കാലത്ത് നടത്തിയ പ്രസംഗങ്ങള്‍ പുറത്തു വിടുന്നതിനെ ഹിലരി രൂക്ഷമായി എതിര്‍ത്തിരുന്നു.
അതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും ഇമെയില്‍ സംവിധാനങ്ങളും ഹാക്ക് ചെയ്തതിനു പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. വിക്കിലീക്‌സ് പുറത്തുവിട്ട ഹാക്ക്‌ചെയ്യപ്പെട്ട ഇമെയില്‍ സന്ദേശങ്ങളില്‍നിന്ന് ഇതിനുപിന്നിലെ റഷ്യന്‍ സ്വാധീനവും നിര്‍ദേശവും വ്യക്തമാണ് എന്നാണ് യുഎസിന്റെ നിലപാട്.
യൂറോപ്പിലെയും യൂറേഷ്യയിലെയും തെരഞ്ഞെടുപ്പുകളില്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ റഷ്യ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അമേരിക്കന്‍ ആരോപണം റഷ്യ നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല