സ്വന്തം ലേഖകന്‍: അമേരിക്കന്‍ ചാരക്കണ്ണുകള്‍ ജപ്പനെതിരേയുമെന്ന് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍. ജപ്പാന്‍ സര്‍ക്കാരിനെയും പ്രമുഖ കമ്പനികളെയും യുഎസ് നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തിരുന്നതായി വ്യക്തമാക്കുന്ന രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ സുഹൃദ് രാജ്യങ്ങള്‍ക്കെതിരെയും ചാരപ്രവര്‍ത്തനം നടത്തിയെന്നതിന്റെ രേഖകള്‍ നേരത്തെ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു.
ജപ്പാന്‍ സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍, ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നു യുഎസ് സ്ഥിരമായി വിവരം ചോര്‍ത്തിയതായാണു വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി ഷിന്‍സോ അബേയുടെ ഔദ്യോഗിക വസതിയില്‍ മന്ത്രിതലത്തില്‍ രഹസ്യ വിവരങ്ങള്‍ നല്‍കിയിരുന്നതും ചോര്‍ത്തി. ജപ്പാന്‍ പ്രധാനമന്ത്രിക്കെതിരെ നേരിട്ട് ചാരപ്രവര്‍ത്തനം നടത്തിയതായി പറയുന്നില്ലെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ചാരപ്രവര്‍ത്തനം നടന്നിരുന്നതായാണ് സൂചന.
വിക്കിലീക്‌സ് ഈ വിവരങ്ങള്‍ പുറത്തുവിട്ട സമയവും ശ്രദ്ധേയമാണ്. യുഎസും ജപ്പാനും മുഖ്യപങ്കാളികളായി, ലോകത്തെ 40% സാമ്പത്തിക മേഖലയെ സ്പര്‍ശിക്കുന്ന വന്‍ വ്യാപാര ഉടമ്പടിയില്‍ ഉടനെ ഒപ്പുവയ്ക്കാനിരിക്കെയാണ് ജപ്പാന്‍–യുഎസ് ബന്ധത്തെ ദോഷമായി ബാധിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിക്കിലീക്‌സ് രേഖകളെക്കുറിച്ചു ജപ്പാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല