ബി സി സി ഐ. അനുവദിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ തയാറാണെന്നു മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കോച്ചാകാന്‍ താല്പര്യമുണ്ടെങ്കിലും കാലമാണ് അതിനു മറുപടി പറയേണ്ടതെന്നും ഗാംഗുലി പറഞ്ഞു. വളരെക്കാലം ടീമിനെ നയിച്ചിരുന്നതിനാല്‍ കളിക്കാരുടെ ഫോമും മറ്റുള്ള കാര്യങ്ങളും ക്ഷണത്തില്‍ മനസിലാക്കാനാകും അതനുസരിച്ചു ടീമിനെ തയാറാക്കാനും തനിക്കുകഴിയുമെന്നും ഗാംഗുലി പറഞ്ഞു.
ക്രിക്കറ്റില്‍ നായകനാണു പ്രധാനറോളെന്നും കോച്ചിനു ടീമിനെ സഹായിക്കാനുള്ള ചുമതല മാത്രമേയുള്ളെന്നും സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ മുന്‍ നായകന് അഭിപ്രായപ്പെട്ടു. 2015ലോകകപ്പ് ക്രിക്കറ്റ് ലക്ഷ്യമിട്ടാണു ഗാംഗുലി കോച്ചാകാന്‍ തയാറെടുക്കുന്നതെന്നു സൂചനയുണ്ട്. പക്ഷേ നിലവിലെ ഇന്ത്യന്‍ ടീം കോച്ച് ഡങ്കന്‍ ഫ്ളെച്ചറുടെ കരാര്‍ 2015ലോകകപ്പ് വരെയാണെന്നതിനാല്‍ ഗാംഗുലിക്ക് കോച്ചാകാന്‍ സാധിക്കില്ല.
സെലക്ഷന് കമ്മിറ്റിചെയര്‍മാന്‍ സ്ഥാനത്തേക്കു ഗാംഗുലിയെ പരിഗണിക്കുന്നതായി പ്രചരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. മൊഹീന്ദര്‍ അമര്‍നാഥാണ് സെലക്ഷന് കമ്മിറ്റി ചെയര്‍മാനാകാന്‍ അനുയോജ്യനെന്നും ഗാംഗുലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല