സ്വന്തം ലേഖകൻ: വിമാനപകടത്തെ തുടർന്ന് ആമസോൺ വനത്തിൽ കുടുങ്ങിയ കുട്ടികളെ കണ്ടെത്താൻ സഹായിച്ച കൊളംബിയൻ സൈന്യത്തിന്റെ നായ വിൽസൺ ഇപ്പോഴും കാണാമറയത്ത്. കുട്ടികള്‍ രക്ഷപ്പെട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും കൊളംബിയൻ സൈന്യം ‘ഓപറേഷൻ ഹോപ്’ അവസാനിപ്പിക്കാൻ തയാറായിട്ടില്ല. കുട്ടികളെ കണ്ടെത്താനായി ആരംഭിച്ച ദൗത്യം ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട ‘ഹീറോ’യ്ക്കായി തുടരുകയാണ്. 70 സൈനികരാണ് വനത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. വിൽസൺ ജീവിച്ചിരുപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. വിൽസനെയുംകൊണ്ടേ കാടുവിടൂ എന്ന നിലപാടിലാണ്.
വിൽസന്റെ തിരിച്ചുവരവിനായി ലോകമെമ്പാടുമുള്ള ആളുകൾ കാത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വൻ ക്യാംപെയ്നാണ് നടക്കുന്നത്. രക്ഷപ്പെട്ട കുട്ടികളിൽ മൂത്തവൾ ലെസ്ലി (13)യും സൊളൈനി (9)യും വരച്ച വിൽസന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിൽസൺ തങ്ങൾക്കൊപ്പം നാലുദിവസം ഉണ്ടായിരുന്നതായി കുട്ടികൾ നേരത്തെ അറിയിച്ചിരുന്നു. നാലു കുട്ടികളും പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
‘വിൽസൺ, ഞങ്ങളുടെ ഹീറോ. കുട്ടികൾ എത്തിയതുപോലെ നീയും വീട്ടിലേക്ക് തിരിച്ചെത്തും. നിനക്കായി ഞങ്ങളുടെ രാവും പകലും മാറ്റിവച്ചിരിക്കുന്നു. നിനക്കായുള്ള ‘ഓപ്പറേഷൻ ഹോപ്’ പൂർത്തിയാക്കുക തന്നെ ചെയ്യും.’– കൊളംബിയൻ മിലിട്ടറി എൻജിനീയറിങ് വിഭാഗം പറഞ്ഞു. നായയുടെ കാൽപ്പാട് പിന്തുടർന്ന് അവനെ തിരിച്ചുകൊണ്ടുവരണമെന്നാണ് സൈനികർക്ക് കൊളംബിയൻ മിലിട്ടറി ഫോഴ്സ് കമാൻഡർ ജനറൽ ഹെൽഡർ ജിറാൾഡോയുടെ ഉത്തരവ്. വീണുപോയവനെ യുദ്ധമുഖത്ത് ഉപേക്ഷിച്ച് വരുന്നതല്ല തങ്ങളുടെ രീതിയെന്നും ജനറൽ അറിയിച്ചു. 16 ബെൽജിയൻ പട്ടികളിൽ വിൽസൺ മാത്രമാണ് തങ്ങൾക്കരികിൽ എത്തിയതെന്ന് കുട്ടികൾ വ്യക്തമാക്കിയിരുന്നു.
ഒന്നരവർഷമായി സൈന്യത്തിനൊപ്പമായിരുന്നു വിൽസൺ. അറ്റാക്ക് ഡോഗ് ആയിട്ടാണ് വിൽസന് പരിശീലനം നൽകിയത്. കാടിനു നടുവിൽ വേണ്ടത്ര ഭക്ഷണം ലഭിക്കില്ല. തങ്ങൾ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് കൊളംബിയൻ സൈന്യത്തിന്റെ സ്പെഷൽ ഓപ്പറേഷൻസ് കമാൻഡർ ജനറൽ പെട്രോ സാഞ്ചേസ് പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല