വിംബിള്‍ഡണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ചും റോജര്‍ ഫെഡററും തമ്മിലുള്ള ക്ലാസിക് സെമി പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഒന്നാംസീഡും ചാമ്പ്യനുമായ ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ 31-ാം സീഡ് ഫേ്‌ളാറിയന്‍ മേയറെ തകര്‍ത്തു(6-4, 6-1, 6-4). ഏഴാം കിരീടം തേടിയിറങ്ങിയ മൂന്നാംസീഡ് ഫെഡറര്‍ റഷ്യയുടെ മിഖായേല്‍ യൂഷ്‌നിയെയാണ് നേരിട്ടുള്ള സെറ്റുകളില്‍ കശക്കിയത്(6-1, 6-2, 6-2). വനിതാ സെമിയില്‍ സെറീനാ വില്യംസ്, വിക്ടോറിയ അസാരങ്കയെയും ആഞ്ജലിക്ക് കെര്‍ബര്‍, അഗ്‌നീസ്യ റഡ്വാന്‍സ്‌ക്കയെയും നേരിടും.
തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും ഉജ്ജ്വലമായ ബേസ്‌ലൈന്‍ ഗെയ്മിലൂടെ മേയറെ നിസ്സഹായനാക്കുകയായിരുന്നു ദ്യോക്കോവിച്ച്. 2007-ല്‍ ഫെഡറര്‍ക്കുശേഷം വിംബിള്‍ഡണ്‍ നിലനിര്‍ത്തുന്ന ആദ്യ താരമാവാനെത്തിയ ദ്യോക്കോവിച്ച് ആദ്യസെറ്റില്‍ സര്‍വീസ് നഷ്ടപ്പെട്ട് 3-2ന് പിന്നിലായതിനുശേഷമാണ് തിരിച്ചുവന്നത്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റാഫേല്‍ നഡാലിനോട് തോറ്റ സെര്‍ബ് ലോക ഒന്നാം നമ്പര്‍ തുടരെ ഒമ്പതാം ഗ്രാന്‍ഡ്സ്ലാം സെമിയിലേക്കാണ് മുന്നേറിയത്. നഡാല്‍ നേരത്തേ പുറത്തായതോടെ കിരീടം നിലനിര്‍ത്താന്‍ ദ്യോക്കോവിച്ചിന് സാധ്യയേറിയിരിക്കയാണ്. കഴിഞ്ഞ മൂന്നുകളികളിലും ഫെഡററെ കീഴടക്കിയ റെക്കോഡാണ് സെര്‍ബിയക്കാരനുള്ളത്.
യൂഷ്‌നിക്കെതിരെ സമ്പൂര്‍ണ ആധിപത്യം നേടിയാണ് ആറുവട്ടം ചാമ്പ്യനായ ഫെഡറര്‍ കളി ജയിച്ചത്. കഴിഞ്ഞ രണ്ടുതവണയും ക്വാര്‍ട്ടറില്‍ പുറത്തായതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു സ്വിസ് മാസ്റ്റര്‍. എട്ടാം തവണയാണ് ഫെഡറര്‍ വിംബിള്‍ഡണിന്റെ സെമിഫൈനലില്‍ കടക്കുന്നത്.
വനിതാ ക്വാര്‍ട്ടറില്‍ രണ്ടാംസീഡായ ബെലാറസിന്റെ വിക്ടോറിയ അസാരെങ്ക ഓസ്ട്രിയയുടെ സീഡില്ലാത്താരം തമരിന്‍ പസെക്കിനെയാണ് വീഴ്ത്തിയത്(6-3, 7-6). മൂന്നാംസീഡായ പോളണ്ടിന്റെ റഡ്വാന്‍സ്‌ക്ക റഷ്യയുടെ മരിയാ കിറിലെങ്കോയെ മറികടന്നു(7-5, 6-4, 5-7). കെര്‍ബറുടെ ജയം ജര്‍മനിയുടെ സബീന്‍ ലിസിക്കിക്കെതിരെയായിരുന്നു(6-3, 6-7, 7-5).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല