സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അനധികൃത കുടിയേറ്റ വിവാദം പുകയുന്നു; നടപടിയുടെ പേരില്‍ ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡിന്റെ കസേര തെറിച്ചു. ദീര്‍ഘകാലമായി യു.കെയില്‍ താമസിക്കുന്ന കരീബിയന്‍ വംശജര്‍ക്കെതിരായ നടപടിയാണ് റഡിന്റെ പദവി തെറിപ്പിച്ചത്. രാജി സ്വീകരിച്ചതായി പ്രധാനമന്ത്രി തെരേസ മേയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ തെരേസ മെയ് സര്‍ക്കാറില്‍നിന്ന് രാജിവെക്കുന്ന മന്ത്രിപദവിയുള്ള നാലാമത്തെയാളാണ് റഡ്.
ദീര്‍ഘകാലം ബ്രിട്ടനില്‍ താമസിക്കുന്ന കരീബിയന്‍ വംശജര്‍ക്കെതിരായ നടപടി വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. 1950, 60 കാലഘട്ടത്തില്‍ കരീബിയയില്‍ നിന്ന് യു.കെയില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് ബ്രിട്ടനില്‍ ചികിത്സ, പാര്‍പ്പിടം എന്നിവ നിഷേധിക്കുകയും രാജ്യത്ത് താമസിക്കുന്നതിനുള്ള അവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വൈന്‍ഡ്‌റഷ് തലമുറയെന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. സംഭവം കത്തിപ്പടര്‍ന്നതോടെ ആഭ്യന്തര വകുപ്പ് തെരഞ്ഞെടുപ്പു കമ്മറ്റി കഴിഞ്ഞയാഴ്ച്ച റഡിനെ ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു റഡിന്റെ മറുപടി. എന്നാല്‍ നാടുകടത്തല്‍ വിഷയത്തില്‍ റഡ് തയ്യാറാക്കിയ പദ്ധതി ഗാര്‍ഡിയന്‍ ദിനപത്രം പുറത്ത് വിട്ടതോടെ അവര്‍ക്ക് നില്‍ക്കള്ളിയില്ലാതെയായി. റഡിന്റെ കുടിയേറ്റ നയത്തിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും 200 ലേറെ അംഗങ്ങള്‍ ഒപ്പുവെച്ച കത്തും പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല