
സ്വന്തം ലേഖകൻ: 2022-ലെ കേരള അബ്കാരിനിയമത്തിലെ ചട്ടപ്രകാരം ലൈസൻസില്ലാതെ വൈനുണ്ടാക്കിയാൽ ജയിലിൽപ്പോകേണ്ടിവരും. ഒരു ലക്ഷം രൂപ പിഴമുതൽ 10 വർഷം തടവുവരെ ലഭിക്കാവുന്ന കുറ്റമാണ് ലൈസൻസില്ലാതെയുള്ള വീട്ടിലെ വൈൻനിർമാണം. പഴങ്ങളും പഞ്ചസാരയുമടക്കമുള്ള ചേരുവകൾ പുളിപ്പിച്ചെടുക്കുമ്പോൾ ആൽക്കഹോളിന്റെ അംശം രൂപപ്പെടുമെന്നതാണ് നിയമലംഘനമാകാൻ കാരണം.
വിവിധപഴങ്ങളും കിഴങ്ങുകളുംകൊണ്ട് വൈൻ ഉണ്ടാക്കുന്നതു സംബന്ധിച്ച് അബ്കാരിനിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് ചെറുകിടവ്യവസായമെന്നരീതിയിൽ വൈനറി ലൈസൻസ് ലഭിക്കാൻ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്കാണ് അപേക്ഷനൽകേണ്ടത്.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ രൂപംനൽകുന്ന സാങ്കേതികക്കമ്മിറ്റിയിൽ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണറും പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറും അംഗങ്ങളാണ്. കർശനമായ പരിശോധനകൾക്കുശേഷമാണ് ലൈസൻസ്.
എന്നാൽ, വൈൻ എന്ന് സൂചിപ്പിക്കാതെ മുന്തിരിജ്യൂസ് എന്നപേരിലും വൈൻ വിപണിയിലെത്തുന്നുണ്ട്. ഇവയിൽ ആൽക്കഹോൾ പരിശോധന നടക്കുന്നില്ലെന്നതാണ് വസ്തുത. ലൈസൻസിന് 50,000 രൂപയും ബോട്ടിലിങ് ലൈസൻസിന് 5000 രൂപയുമാണ് ഫീസ്.
ചെറിയ അളവോ വലുതോ എന്നല്ല ഫെർമെന്റേഷൻ നടക്കുന്ന വസ്തുക്കൾ വീട്ടിലുണ്ടാക്കുന്നത് കുറ്റകൃത്യമാണ്. ക്രിസ്മസ്, ന്യൂഇയർ പ്രമാണിച്ച് മറ്റുവകുപ്പുകളും ഇതരസംസ്ഥാനങ്ങളുമായി ചേർന്നും പരിശോധന കർശനമാക്കിയിട്ടുണ്ട്. അനധികൃതവൈൻ നിർമാണകേന്ദ്രങ്ങളായേക്കാവുന്ന പ്രസവരക്ഷാസവ നിർമാണകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പരിശോധനനടത്താൻ നിർദേശം നൽകിയതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല