അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വിന്ററാണ് ബ്രിട്ടണില്‍ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. അടുത്ത നാലാഴ്ച്ചത്തേക്ക് എങ്കിലും താപനില മാറ്റമില്ലാതെ തുടരുമെന്നും ശീതക്കാറ്റിന് ശമനമുണ്ടാകില്ലെന്നും മെറ്റ് ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിന്ററിലെ ഏറ്റവും ശക്തമായ ശീതക്കാറ്റ് വീശാനിരിക്കുന്നതേയുള്ളുവെന്നാണ് വിദഗ്ധരുടെയും മറ്റും അഭപ്രായം. ആര്‍ക്ടികില്‍ നിന്നും സ്‌കാന്‍ഡനേവിയയില്‍നിന്നും കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇപ്പോള്‍ പൂര്‍ണമായും മഞ്ഞിന്റെ പിടിയിലാകാത്ത പ്രദേശങ്ങള്‍ക്ക് കൂടി അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2010ല്‍ ഉണ്ടായ വലിയ തണുപ്പിന്റെ അത്രയും കഠിനമായ തണുപ്പും മഞ്ഞ് വീഴ്ച്ചയും ഇക്കൊല്ലം ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. യുകെയുടെ വടക്കന്‍ദിശയില്‍ താപനില മൈനസ് പത്ത് വരെ ഈ ആഴ്ച്ച അവസാനത്തോടെ താഴുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. വരും ദിവസങ്ങളില്‍ തണുപ്പ് കഠിനമാകുന്നതിനൊപ്പം കനത്ത മഞ്ഞ് വീഴ്ച്ചയുമുണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസത്തിന്റെ അവസാനത്തോടെയാണ് യുകെയില്‍ വീണ്ടും ശൈത്യം എത്തിയത്. അതുവരെ താരതമ്യെന നല്ല കാലാവസ്ഥയായിരുന്നു. വടക്കന്‍ പ്രദേശങ്ങളിലെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കാഴ്ച്ച മങ്ങിയതിനാല്‍ വിമാനങ്ങളും ട്രെയ്‌നുകളും പലതും റദ്ദാക്കുന്നത് പതിവായിരിക്കുകയാണ്. റോഡുകളിലും ഇടവഴികളിലുമൊക്കെ മഞ്ഞ് മൂടി കിടക്കുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള വാഹനഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മോട്ടോര്‍വെയില്‍നിന്നും മറ്റ് പ്രധാന റോഡുകളില്‍നിന്നും അധികൃതര്‍ മഞ്ഞ് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇടവഴികളില്‍ പലതും മഞ്ഞ് മൂടി കിടക്കുകയാണ്. യുകെയിലെമ്പാടുമുള്ള ആളുകള്‍ക്ക് യാത്രാ ക്ലേശങ്ങളുണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കനത്ത മഞ്ഞില്‍ ആളുകള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഇത് സംബന്ധിച്ചുള്ള കണക്കുകളും വിവരങ്ങളും ലഭ്യമായിട്ടില്ല. 2012ല്‍ അതിശൈത്യത്തില്‍ 31,000 പേരോളമാണ് മരിച്ചത്. ഇത്തവണത്തെ ശൈത്യം ലെവല്‍ 3 ഗണത്തില്‍പ്പെടുത്തി സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. തണുപ്പിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ കവചങ്ങളില്ലാതെ വീടിന് പുറത്തിറങ്ങുന്നവര്‍ക്കാണ് അപകടമുണ്ടാകുന്നത് എന്നും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല